ന്യൂഡെൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹിയിൽ പ്രക്ഷോഭം ആളിക്കത്തുന്നു. ജന്തർ മന്തറിലേക്കുള്ള ആംആദ്മി പാർട്ടിയുടെ മാർച്ച് പോലീസ് തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു. നാല് ബസുകളിലായി പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് നീക്കി.
ഇന്ത്യ ഗേറ്റിൽ നിന്നും ജന്തർ മന്തറിലേക്ക് വിദ്യാർഥി സംഘടനയായ എഐഎസ്എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഐസ സിറ്റിസൺ മാർച്ചിനിടെ ദേശീയ പ്രസിഡണ്ട് നേഹ ബോറയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. തലസ്ഥാനത്ത് ക്രമസമാധാനം തകർന്നിരിക്കുകയാണെന്നും സ്ത്രീകൾക്കും മാദ്ധ്യമ പ്രവർത്തകർക്കുമെതിരെ നിരന്തരമായ അതിക്രമങ്ങളും കുറ്റകൃത്യങ്ങളും നടക്കുമ്പോഴും പോലീസ് നിഷ്ക്രിയരായി നോക്കിനിൽക്കുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.
എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാതെ സമരക്കാരെ പിടിച്ചുവെക്കുന്ന പോലീസ് നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഡെൽഹിക്ക് പുറമെ മുംബൈയിലും പ്രതിഷേധം ശക്തമാണ്. മുംബൈയിൽ ഉദ്ദവ് താക്കറെയുടെയും രാജ് താക്കറുടെയും നേതൃത്വത്തിൽ മാർച്ച് നടന്നു. നീതി ലഭിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്നും സുപ്രീം കോടതിയെ സമീപിക്കുന്നത് ഉൾപ്പടെയുള്ള നിയമപോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്നും വിദ്യാർഥി സംഘടനകളും സമരക്കാരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സമരത്തിനിടെ വനിതാ മാദ്ധ്യമപ്രവർത്തകർക്ക് നേരെ പോലീസ് ഉദ്യോഗസ്ഥർ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡെൽഹി പോലീസ് കേസെടുക്കാൻ വിസമ്മതിച്ചിരുന്നു. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് സ്ട്രീറ്റ് സ്റ്റേഷന് മുന്നിൽ സിജെപി നേതാക്കളും ഇടതുസംഘടനാ നേതാക്കളും പ്രതിഷേധിച്ചിരുന്നു. എന്നാൽ, പോലീസുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു. പിന്നാലെയാണ് സമരം ശക്തമാക്കിയിരിക്കുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































