തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ പിഎസ്‌സി സെക്രട്ടറി സാജു ജോർജിന് നോട്ടീസയച്ച് അന്വേഷണ സംഘം. ശനിയാഴ്‌ച ക്രൈം ബ്രാഞ്ച് ആസ്‌ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. പരീക്ഷാ കൺട്രോളർ ബിനി കെ. എബ്രഹാമിനെ തിങ്കളാഴ്‌ച ചോദ്യം ചെയ്യും.
കൂടുതൽ പിഎസ്‌സി അംഗങ്ങളുടെ ചോദ്യം ചെയ്യൽ അടുത്ത ആഴ്‌ചയുണ്ടാകും. ഒളിവിൽ കഴിയുന്ന പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. കേസിൽ അറസ്‌റ്റിലായ മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെ വൈകാതെ തന്നെ കസ്‌റ്റഡിയിൽ വാങ്ങും.
നിലവിൽ അന്വേഷണസംഘം പിഎസ്‌സി ചെയർമാന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. ക്രമക്കേടിൽ തങ്ങൾക്ക് യാതൊരുവിധ പങ്കുമില്ലെന്നാണ് പിഎസ്‌സി അംഗങ്ങളുടെ മൊഴി. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്‌ചയും സംഭവിച്ചിട്ടില്ലെന്നും നിയമവിരുദ്ധമായ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും അംഗങ്ങൾ വ്യക്‌തമാക്കി.
ചോദ്യം ചെയ്യലും അന്വേഷണത്തിനും ഒടുവിൽ കൂടുതൽ തെളിവുകൾ ലഭിച്ചാൽ മാത്രം പിഎസ്‌സി അംഗങ്ങളെ പ്രതിചേർത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതേസമയം, പ്രത്യേക അന്വേഷണ സംഘം വിപുലപ്പെടുത്തിയിട്ടുണ്ട്. രണ്ട് എസ്‌പിമാരെയും ഒരു ഡിവൈഎസ്‌പിയെയും അന്വേഷണ സംഘത്തിന്റെ ഭാഗമാക്കി. പുതുതായി രജിസ്‌റ്റർ ചെയ്‌ത മൂന്ന് കേസുകൾ കൂടി അന്വേഷണ പരിധിയിൽ വരും.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം




































