കോഴിക്കോട്: ആനക്കാംപൊയില്‍ മുത്തപ്പന്‍പുഴയില്‍ കിണറ്റില്‍ വീണ കാട്ടാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. 14 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് ആനയെ രക്ഷപ്പെടുത്തിയത്. കരയിലേക്ക് കയറ്റിയ ആന കാട്ടിലേക്ക് കയറിപ്പോയി. ആനക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് റിപ്പോര്‍ട്ട്.
തിരുവമ്പാടിക്കടുത്ത് ആനക്കാംപൊയില്‍ തൊണ്ണൂറിലാണ് ആന കിണറ്റില്‍ വീണത്. കാടിനുള്ളിലാണ് ഈ സ്ഥലം. അതിനാല്‍ നാലു കിലോമീറ്ററുകളോളം നടന്നെത്തണം എന്നുളളത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചിരുന്നു. വനം വകുപ്പ് രക്ഷാ പ്രവര്‍ത്തനത്തിനിടയില്‍ ആനക്ക് കുടിവെള്ളം നല്കികൊണ്ടിരുന്നു. ആന കിണറ്റില്‍ വീണിട്ട് മൂന്നു ദിവസമായെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇന്ന് പുലര്‍ച്ചയോടെയാണ് നാട്ടുകാര്‍ വിവരം വനം വകുപ്പിനെ അറിയിച്ചത്. ജോസുകുട്ടി എന്ന കര്‍ഷകന്റേതാണ് ആന വീണ തോട്ടം. വനഭൂമിയോട് ചേര്‍ന്നാണ് കിണര്‍. അതിനാല്‍ കാട്ടാന വീണത് പുറത്തറിയാന്‍ വൈകി. മുമ്പ് ജനവാസ മേഖലയായിരുന്നു ഇവിടം. പതിനഞ്ചോളം കുടുംബങ്ങള്‍ ഇവിടെ താമസിച്ചിരുന്നുവെങ്കിലും കാട്ടുമൃഗങ്ങളുടെ ശല്യത്തെ തുടര്‍ന്ന് ആളുകള്‍ മാറിതാമസിക്കുക ആയിരുന്നു.
Malabar News: കണ്ണൂരില്‍ 85 ലക്ഷം രൂപയിലധികം വിലവരുന്ന സ്വര്‍ണം പിടികൂടി