ന്യൂ ഡെൽഹി: ഡെൽഹിയിൽ ആശങ്ക വർദ്ധിപ്പിച്ച് കോവിഡ് കണക്കുകൾ. ഇന്നു മാത്രം 4,039 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടിയ പ്രതിദിന കണക്കാണ് ഇത്. 20 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.
ഇതോടെ ഡെൽഹിയിലെ ആകെ രോഗ ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. 4,618 പേരാണ് ഇതുവരെ രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചത്. പ്രതിദിനം അര ലക്ഷം പേരെ പരിശോധനക്ക് വിധേയരാക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനു മുൻപ് ജൂണിലാണ് ഏറ്റവും കൂടിയ പ്രതിദിന കണക്ക് വന്നത്. 3947 പേർക്കായിരുന്നു അന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം, കർണാടകയിലും രോഗവ്യാപനം വർദ്ധിക്കുകയാണ്. ഇന്നു മാത്രം 9540 പേർക്ക് രോഗം സ്ഥിരീകരിച്ചു. 128 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ബെംഗളൂരുവിൽ മാത്രം 3419 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതോടെ ബെംഗളൂരുവിലെ ആകെ രോഗികൾ 421730 ഉം ആകെ മരണം 6808 ഉം ആയി.