’26 വർഷങ്ങൾ മുൻപുള്ള സ്‌ത്രീകളല്ല ഇപ്പോൾ, കാലം മാറി’; താലിബാനെതിരെ പ്രതിഷേധം ശക്‌തം

By News Desk, Malabar News
Afghan Women Protest
Ajwa Travels

കാബൂൾ: അഫ്‌ഗാനിൽ അധികാരം പിടിച്ചെടുത്തതിന് ശേഷം സ്‌ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങൾ അടിച്ചമർത്തുന്നത് തുടരുകയാണ് താലിബാൻ. അഫ്‌ഗാനിസ്‌ഥാനിലെ വനിതാ മന്ത്രാലയം താലിബാൻ അടച്ചുപൂട്ടുകയും പേര് മാറ്റുകയും ചെയ്‌തു. ഗൈഡൻസ് മന്ത്രാലയം എന്നാണ് വനിതാ മന്ത്രാലയത്തിന് താലിബാൻ നൽകിയിരിക്കുന്ന പുതിയ പേര്. ഇതിനെതിരെ അഫ്‌ഗാനിലെ നിരവധി വനിതാ ആക്‌ടിവിസ്‌റ്റുകൾ തെരുവിൽ പ്രതിഷേധിച്ചു.

രാജ്യം പിടിച്ചടക്കിയ ശേഷം വനിതാ മന്ത്രാലയത്തിലേക്ക് സ്‌ത്രീകൾ പ്രവേശിക്കുന്നത് താലിബാൻ വിലക്കിയിരുന്നു. ഇവിടേക്ക് എല്ലാ ദിവസവും ജോലിക്കായി എത്തുമെങ്കിലും വീട്ടിലേക്ക് മടങ്ങാനായിരുന്നു താലിബാൻ നിർദ്ദേശമെന്ന് വനിതാ മന്ത്രാലയത്തിലെ ഒരു ജീവനക്കാരി പറയുന്നു.

മന്ത്രാലയത്തിന് പുറത്തുള്ള ചിഹ്‌നം അടക്കം താലിബാൻ മാറ്റി. ഇതിന് പിന്നാലെയാണ് സ്‌ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. മന്ത്രാലയത്തിന് മുന്നിലും ആക്‌ടിവിസ്‌റ്റുകൾ പ്രതിഷേധം സംഘടിപ്പിച്ചു. വനിതാ മന്ത്രാലയം വീണ്ടും സജീവമാക്കണമെന്ന് പ്രതിഷേധകരിൽ ഒരാളായ ബസീറ തവന ആവശ്യപ്പെട്ടു. സ്‌ത്രീകളെ നീക്കം ചെയ്യുക എന്നാൽ മനുഷ്യരെയൊന്നാകെ നീക്കം ചെയ്യുക എന്നാണ് അർഥമെന്നും ബസീറ പറഞ്ഞു.

1996 മുതൽ 2001 വരെ താലിബാൻ ഭീകരവാദികൾ അധികാരത്തിലിരുന്നപ്പോൾ പെൺകുട്ടികൾക്ക് വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ നിഷേധിച്ചിരുന്നു. സ്‌ത്രീകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശിക്കാനോ ജോലിയ്‌ക്ക് പോകാനോ അനുവാദം ഉണ്ടായിരുന്നില്ല. ഈ കാലഘട്ടത്തിൽ താലിബാന്റെ ഗൈഡൻസ് മന്ത്രാലയം ഗ്രൂപ്പിന്റെ സദാചാര പോലീസ് എന്നാണ് അറിയപ്പെട്ടിരുന്നത്.

സ്‌ത്രീകൾ അടക്കമുള്ളവർക്ക് താലിബാൻ നിശ്‌ചയിച്ച വസ്‌ത്രധാരണ രീതി കർശനമായി നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനും പൊതു വധശിക്ഷകളും ചാട്ടവാറടികളും ഉൾപ്പെടുന്ന ശരീഅത്ത് നിയമം നടപ്പാക്കാനുമാണ് ഈ മന്ത്രാലയത്തെ താലിബാൻ ചുമതലപ്പെടുത്തിയിരുന്നത്. നിലവിൽ വനിതാ മന്ത്രാലയം ഗൈഡൻസ് മന്ത്രാലയമാക്കി മാറ്റിയതിലൂടെ രാജ്യത്തെ രണ്ടുപതിറ്റാണ്ടോളം പിന്നിലേക്ക് കൊണ്ടുപോയിരിക്കുകയാണ്‌ താലിബാൻ തീവ്രവാദികൾ.

പ്രൈമറി ക്‌ളാസുകളിലെ പെൺകുട്ടികൾക്ക് സ്‌കൂളിൽ പോകാൻ താലിബാൻ അനുവാദം നൽകിയതിന് പിന്നാലെയാണ് വനിതാ മന്ത്രാലയം സംബന്ധിച്ച് പ്രതിഷേധം നടന്നത്. അതേസമയം, പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് പഠനം എപ്പോൾ പുനഃരാരംഭിക്കും എന്ന കാര്യത്തിൽ ഇതുവരെ വ്യക്‌തതയില്ല. പ്രൈമറി ക്‌ളാസുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ച് ഇരുത്തിയാണ് പഠനം നടത്തുന്നത്.

എന്നാൽ, അഫ്‌ഗാൻ സ്‌ത്രീകളുടെ ശബ്‌ദം അടിച്ചമർത്താനും അവരെ തടയാനും താലിബാനികൾക്ക് കഴിയില്ലെന്ന് വനിതാ മന്ത്രാലയത്തിന് മുന്നിൽ പ്രതിഷേധിച്ചവർ പറഞ്ഞു. അഫ്‌ഗാനിസ്‌ഥാനിൽ ഇപ്പോഴുള്ളത് 26 വർഷങ്ങൾ മുൻപുള്ള സ്‌ത്രീകളല്ലെന്നും അവർ താലിബാന് താക്കീത് നൽകി.

Also Read: വ്യത്യസ്‌ത മതങ്ങളിൽ പെട്ടവർ ഒരുമിച്ച് യാത്രചെയ്‌തു; മർദ്ദനം, അറസ്‌റ്റ്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE