കൂറ്റൻ തിരമാലകൾ, കൂരിരുട്ട്; മരണ മുനമ്പിൽ ഒൻപത് മണിക്കൂർ; ബാർജിലെ അതിജീവനം

By News Desk, Malabar News
Ajwa Travels

മുംബൈ: ‘ഇളകിമറിയുന്ന ആഴക്കടലിൽ കൂരിരുട്ടിനോടും കൂറ്റൻ തിരമാലകളോടും മല്ലിട്ട് ഒൻപത് മണിക്കൂറാണ് പിടിച്ചുനിന്നത്. ഓരോ തവണ തിര ആഞ്ഞടിക്കുമ്പോഴും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതും. എന്നാൽ ഓരോ തവണയും ജീവന് തുണയായി ഒരു ശക്‌തി കൂടെയുണ്ടായിരുന്നു’- മുംബൈയിലെ ബാർജ് ദുരന്തത്തിൽ നിന്ന് കരകയറിയ അനിൽ വെയ്‌ചലിന് ഭയം ഇതുവരെ വിട്ടുമാറിയിട്ടില്ല.

സഹപ്രവർത്തകർ ആഴങ്ങളിലേക്ക് മറഞ്ഞത് അനിലിന്റെ കൺമുന്നിലാണ്. അതേ വിധി തന്നെയാകും എന്ന് ഉറച്ച് വിശ്വസിച്ച താൻ ജീവിതത്തിലേക്ക് തിരിച്ചുവന്നത് അൽഭുതം തന്നെയാണെന്നാണ് ഈ 40 വയസുകാരൻ പറയുന്നത്.

അഫ്‌കോൺസ് ഇൻഫ്രാസ്‌ട്രക്‌ചറിലെ മെക്കാനിക്കൽ എഞ്ചിനീയറാണ് മഹാരാഷ്‌ട്രാ സ്വദേശിയായ അനിൽ വെയ്‌ചൽ. മരണത്തെ മുഖാമുഖം കണ്ട് ഉപ്പുവെള്ളത്തിൽ കിടന്ന അനിലിനെ ഇന്ത്യൻ നാവിക സേന പത്താം മണിക്കൂറിലാണ് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയത്. അങ്ങനെ P03 ബാർജ് ദുരന്തത്തെ അതിജീവിച്ചവരുടെ കൂട്ടത്തിലേക്ക് അനിലിന്റെ പേരും ചേർക്കപ്പെട്ടു.

‘ഇനി ഒരിക്കലും കുടുംബത്തെയോ പ്രിയപ്പെട്ടവരെയോ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മരണവുമായി പോരാടിയ ആ 540 മിനിറ്റുകളിൽ ഒരായുസ് മുഴുവൻ ഉണ്ടായിരുന്നു.പ്രതീക്ഷയുടെ അവസാന കണിക പോലും നശിച്ചിട്ടും സഹപ്രവർത്തകർക്ക് ആശ്വാസം പകരാൻ ശ്രമിച്ച് കൊണ്ടേയിരുന്നു. നമ്മൾ എല്ലാവരും അതിജീവിക്കുമെന്നും വീടുകളിലേക്ക് തിരികെ പോകുമെന്നും ആവർത്തിച്ചു. മുങ്ങാതെ പിടിച്ച് നിൽക്കാൻ അവർക്ക് ഊർജം നൽകിക്കൊണ്ടേയിരുന്നു. രക്ഷപ്പെടുമെന്ന് യാതൊരു ഉറപ്പും ഇല്ലാതിരുന്നിട്ടും എവിടെ നിന്നാണ് എനിക്ക് ഈ ഊർജം ലഭിച്ചതെന്ന് അറിയില്ല’- ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ അനിൽ പറഞ്ഞു.

മെയ് 17നാണ് ശക്‌തമായ കാറ്റിലും തിരയിലും പെട്ട് ബാർജ് മുങ്ങാൻ തുടങ്ങിയത്. ബാർജിൽ നിന്ന് കടലിലേക്ക് ചാടുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. വൈകുന്നേരം അഞ്ച് മണിയോടെ എല്ലാവരും ബാർജിൽ നിന്ന് കടലിലേക്ക് ചാടി. വലിയ സംഘങ്ങളായാണ് എല്ലാവരും ചാടിയത്. ലൈഫ് ജാക്കറ്റിലുള്ള തിളങ്ങുന്ന കുത്തുകളല്ലാതെ കൂടെയുള്ളവരെ തിരിച്ചറിയാൻ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല. അത് നോക്കിയാണ് രക്ഷാപ്രവർത്തകർ എത്തിയതും.

സംഘമായി ചാടിയവർ കൈകോർത്ത് പിടിച്ചാണ് നിന്നിരുന്നത്. എന്നാൽ എട്ട് മീറ്റർ വരെ ഉയർന്നു പൊങ്ങുന്ന തിരമാലകൾക്കിടയിൽ അങ്ങനെ ദീർഘനേരം നിൽക്കാൻ സാധ്യമായിരുന്നില്ല. കൈകൾ വേർപെട്ട് പോയിട്ടും എല്ലാവരും വീണ്ടും നീന്തി ഒരുമിച്ച് കൂടി. ഓരോ തവണ തിരയടിക്കുമ്പോഴും മൂക്കിലും കണ്ണിലും ഉപ്പുവെള്ളം കയറി ശ്വസിക്കാൻ പോലുമാകാത്ത അവസ്‌ഥയായിരുന്നു. ഈ അവസ്‌ഥയിൽ ഒൻപത് മണിക്കൂർ പോയിട്ട് ഒരു മണിക്കൂർ പോലും നിൽക്കാൻ കഴിയുമോയെന്ന് ആയിരുന്നു ആശങ്ക.

കൺമുന്നിൽ ഒരാൾ മരണത്തിലേക്ക് നടന്നടുക്കുമ്പോഴും ഒന്നും ചെയ്യാനാകാതെ എല്ലാവരും നിസ്സഹായരായി നോക്കി നിന്നു. കടൽവെള്ളം വയറുനിറച്ചു. കൈകാലുകൾ തളർന്നു. പിടിച്ചുനിൽക്കാനുള്ള അവസാനത്തെ ഊർജവും നഷ്‌ടപ്പെട്ട് മരണത്തെ കാത്ത് നിൽക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചവുമായി നാവിക സേന എത്തിയത്.

മൂന്ന് ശ്രമങ്ങൾക്കൊടുവിലാണ് സേനയുടെ ബോട്ടിലേക്ക് കയറാൻ സാധിച്ചത്. അപ്പോഴേക്കും സങ്കടവും സന്തോഷവും എല്ലാം ചേർന്ന് താൻ തളർന്നു വീണിരുന്നുവെന്നും അനിൽ പറയുന്നു. 13 ഉറ്റസുഹൃത്തുക്കളാണ് കൂടെ ഉണ്ടായിരുന്നത്. അതിൽ തിരികെ വന്നത് ആറ് പേർ മാത്രം. ചിലരുടെ മൃതദേഹങ്ങൾ ഇപ്പോഴും കിട്ടിയിട്ടില്ല. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും പ്രാർഥന കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ദൈവത്തിന്റെ ദാനമാണ് ഈ ജീവിതമെന്നും അനിൽ കൂട്ടിച്ചേർത്തു.

261 പേരാണ് മുംബൈ ബാർജ് ദുരന്തത്തിൽ പെട്ടത്. ഇവരിൽ 51 പേരുടെ മൃതദേഹങ്ങൾ കിട്ടിയിട്ടുണ്ട്. 24 പേർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Also Read: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; നാളെ ‘യാസ്’ ചുഴലിക്കാറ്റായി മാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE