ഹൈദരാബാദ്: നയൻതാരയുടെ തമിഴ് ചിത്രം ‘അന്നപൂരണി’ നിർമിച്ച സീ സ്‌റ്റുഡിയോസിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി എംഎൽഎ രാജാ സിങ് രംഗത്ത്. ചിത്രം ലൗ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് എംഎൽഎയുടെ ആരോപണം. ഒടിടിയിൽ സെൻസർഷിപ്പ് വേണമെന്നും എംഎൽഎ നിർദ്ദേശിച്ചു.
അന്നപൂരണി സംവിധായകൻ നിലേഷ് കൃഷ്‌ണയെ പോലുള്ളവരെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ ഹിന്ദുവിരുദ്ധ സിനിമകൾക്ക് മാറ്റമുണ്ടാകില്ലെന്നും തെലങ്കാനയിലെ ഗോഷാമഹൽ നിയമസഭാംഗമായ രാജ സിംഗ് പറഞ്ഞു. അന്നപൂരണി സിനിമയുമായി ബന്ധപ്പെട്ടു ഉയരുന്ന ആരോപണങ്ങളിൽ നയൻതാരയ്‌ക്കും മറ്റു ഏഴ് പേർക്കുമെതിരെ താനെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സിനിമ മതവികാരങ്ങൾ വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചു മീരാ ഭയന്ദർ നിവാസിയായ 48-കാരൻ നൽകിയ പരാതിയിലാണ് നയാനഗർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്‌തത്.
ശ്രീരാമനും സീതയും മാംസാഹാരം കഴിച്ചിരുന്നുവെന്ന തരത്തിലുള്ള സംഭാഷണം വിവാദമായതിനെ തുടർന്ന് നടി നയൻതാരക്കും നെറ്റ്ഫ്ളിക്‌സ് അധികൃതർക്ക് എതിരേയും കേസെടുത്തിരുന്നു. മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. പിന്നാലെ, സിനിമ നെറ്റ്ഫ്ളിക്‌സിൽ നിന്ന് നീക്കം ചെയ്‌തിരുന്നു. ദക്ഷിണ മുംബൈയിലെ ലോകമാന്യ തിലക് പോലീസ് സ്‌റ്റേഷനിലും ഓഷിവാര പോലീസ് സ്‌റ്റേഷനിലും പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചിട്ടുണ്ട്.
ചിത്രം പിൻവലിച്ചതായി നിർമാതാക്കളിൽ ഒന്നായ സീ സ്‌റ്റുഡിയോ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. മതവികാരം വ്രണപ്പെടുത്തിയതിൽ മാപ്പ് ചോദിക്കുന്നുവെന്നും വിവാദ രംഗങ്ങൾ നീക്കുമെന്നും സീ സ്‌റ്റുഡിയോ വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് ഡിസംബർ ഒന്നിനായിരുന്നു. തിയേറ്ററിൽ കാര്യമായ ശ്രദ്ധ നേടാതിരുന്ന ചിത്രത്തിന്റെ ഒടിടി റിലീസ് ഡിസംബർ 29ന് ആയിരുന്നു. ഒടിടിയിൽ എത്തിയതിന് പിന്നാലെ സാമൂഹിക മാദ്ധ്യമങ്ങൾ അടക്കമുള്ള പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയർന്നുവന്നു. പിന്നീടാണ് പോലീസിൽ പരാതികൾ എത്തിയത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഒരു പാചക വിദഗ്‌ധയാവാൻ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാൽ, സസ്യേതര ഭക്ഷണം പാകം ചെയ്യാൻ അവൾ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫർഹാൻ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകൻ. ശ്രീരാമൻ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയൻതാരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുൻപ് അന്നപൂരണി നിസ്‌കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലൗ ജിഹാദിനെ പ്രോൽസാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയർന്നത്.
Most Read| ടി വീണയുടെ കമ്പനിക്കെതിരെ കേന്ദ്ര അന്വേഷണം; നാല് മാസത്തിനുള്ളിൽ അന്തിമറിപ്പോർട്