തൊടുപുഴ: ഇടുക്കി കാഞ്ചിയാറിലെ അനുമോൾ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഭർത്താവ് ബിജേഷിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി കട്ടപ്പന ഡിവൈഎസ്‌പി വിഎ നിഷാദ്‌മോൻ അറിയിച്ചു. മൃതദേഹത്തിന് അഞ്ചു ദിവസത്തെ പഴക്കം ഉണ്ടെന്നും, പോസ്‌റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്‌തമാവുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
മൃതദേഹം പോസ്‌റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി. അനുമോളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പോലീസ്. അനുമോൾ മരിച്ചതിന് പിന്നാലെ ബിജേഷ് ഒളിവിൽ പോയി. ഇത് സംശയം ഉണ്ടാക്കുന്നതാണ്. ബിജേഷിനെ ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. അതേസമയം, ബിജേഷിനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയെന്ന വാർത്ത വ്യാജമാണെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെയാണ് ഇടുക്കി കാഞ്ചിയാറിലെ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ വൽസമ്മ എന്ന അനുമോളുടെ (27) മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ കട്ടിലിനടിയിൽ നിന്ന് ബന്ധുക്കൾ കണ്ടെത്തിയത്. പിന്നാലെ, ബന്ധുക്കൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. ഇടുക്കി സബ് കളക്‌ടർ അരുൺ എസ് നായരുടെ സാന്നിധ്യത്തിലാണ് ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയത്.
മൃതദേഹം പൂർണമായി അഴുകിയതിനാൽ മുറിവുകളോ മറ്റു അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. ഡോഗ് സ്ക്വാഡും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. സ്‌കൂൾ വാർഷികാഘോഷത്തിന്റെ ഒരുക്കം പൂർത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്.
ആഘോഷത്തിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂർത്തിയാക്കി വീട്ടിലെത്തിയ അനുമോളെ പിന്നീട് കാണാതാവുകയായിരുന്നു. വാർഷികാഘോഷത്തിനും അനുമോൾ എത്തിയില്ല. ഭർത്താവ് ബിജേഷ് തന്നെയാണ് ഇക്കാര്യം അനുമോളുടെ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഒടുവിൽ അനുമോളെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതിയും നൽകിയിരുന്നു. മകളെ കാണാതായതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടിൽ അനുമോളുടെ മൃതദേഹം കണ്ടെത്തിയത്.
Most Read: ലൈഫ് മിഷൻ കോഴക്കേസ്; യുവി ജോസിനെ ഇഡി ഇന്നും ചോദ്യം ചെയ്യും