മലപ്പുറം: ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്നാരോപിച്ച് സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ അധ്യാപകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വലിയോറ ആശാരിപ്പടി സ്വദേശി സുരേഷ് ചാലിയത്തിനെയാണ് (44) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിത്രകാരൻ, സ്‌കൂൾ അധ്യാപകൻ, സിനിമാ-കലാസംവിധാനം എന്നീ മേഖലകളിൽ ശ്രദ്ധേയനായിരുന്നു. ഇന്ന് രാവിലെയാണ് സുരേഷിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു ദിവസം മുൻപ് ഒരു സംഘം ആളുകൾ വീട്ടിലെത്തി സുരേഷിനെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നു. ഒരു സ്‌ത്രീയുമായി വാട്‌സ് ആപ്പിൽ ചാറ്റ് ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സുരേഷിന്റെ സുഹൃത്തായിരുന്നു ഈ സ്‌ത്രീ. അമ്മയുടെയും മക്കളുടെയും മുന്നിൽവെച്ചാണ് സുരേഷിനെ ആക്രമിച്ചത്. ആക്രമണത്തിന് ശേഷം സംഘം സുരേഷിനെ വലിച്ചിഴച്ച് കൊണ്ട് പോവുകയുമായിരുന്നു. ഇയാൾക്കു നേരെ അസഭ്യം പറഞ്ഞതായും വിവരമുണ്ട്.
വീട്ടുകാരുടെ മുന്നിൽ വെച്ചുണ്ടായ അപമാനത്തെ തുടർന്നാവാം ഇയാൾ ആത്‍മഹത്യ ചെയ്‌തതെന്നാണ് വീട്ടുകാരും, കൂട്ടുകാരും ഉൾപ്പടെ ഉള്ളവർ പറയുന്നത്. സിനിമാ സാംസ്‌കാരിക മേഖലകളിൽ സജീവമായിരുന്നു സുരേഷ്. ഉണ്ണികൃഷ്‌ണൻ ആവള സംവിധാനം ചെയ്‌ത ‘ഉഴലാടം’ എന്ന ചിത്രത്തിന്റെ കലാസംവിധായകനായിരുന്നു. കൂടാതെ, മലപ്പുറത്തെ സാംസ്‌കാരിക കൂട്ടായ്‌മയായ രശ്‌മിയുടെ സജീവ പ്രവർത്തകനുമായിരുന്നു. സാമൂഹിക മാദ്ധ്യമങ്ങളിൽ ഇയാൾക്കുള്ള അനുശോചന പ്രവാഹമാണ്.
Read Also: കാസർഗോഡ് ജില്ലയിൽ നിരോധിത മീൻപിടിത്തം വ്യാപകം