കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടനും പ്രതിയുമായ ദിലീപിന്റെ അഭിഭാഷകൻ അഡ്വ. ബി രാമൻ പിള്ളക്ക് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കോട്ടയം ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചത്.
നോട്ടീസിന് ഹാജരാകാനോ വിശദീകരണം നൽകാനോ കഴിയില്ലെന്ന് അഡ്വ. ബി രാമൻ പിള്ള മറുപടി നൽകി. ഞാൻ ഈ കേസുമായി ബന്ധപ്പെട്ട പ്രതിയുടെ അഭിഭാഷകനാണ്. കേസിൽ സ്വാഭാവികമായി ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷെ ഈ കേസിലെ സാക്ഷിയുമായി ഒരുഘട്ടത്തിൽ പോലും യാതൊരു തരത്തിലുള്ള ബന്ധവും സ്‌ഥാപിച്ചിട്ടില്ല. ഈ പരാതി പറയുന്ന വ്യക്‌തിയുടെ പക്കൽ ഇക്കാര്യത്തിൽ കൃത്യമായ തെളിവുകൾപോലും ഇല്ല. അതിനാൽ തന്നെ ഈ ആരോപണത്തിൽ എനിക്ക് ഹാജരാകാനോ വിശദീകരണം നൽകാനോ കഴയില്ല; അഡ്വ. ബി രാമൻ പിള്ള ക്രൈം ബ്രാഞ്ചിന് നൽകിയ മറുപടിയിൽ വിശദീകരിക്കുന്നു.
അതേസമയം, വധഗൂഢാലോചന കേസിൽ ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് ചോദ്യം ചെയ്യലിന് ഹാജരായി. കളമശേരി ക്രൈം ബ്രാഞ്ച് ഓഫിസിലാണ് ഹാജരായത്. കേസിൽ ദിലീപിന്റെ സഹോദരൻ അനൂപ് നാളെ ഹാജരാകും. ക്രൈം ബ്രാഞ്ച് നേരിട്ട് പിടിച്ചെടുത്ത ഫോണുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കോടതി അനുമതിയോടെ നടന്ന മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമുള്ള രണ്ടാംഘട്ട ചോദ്യംചെയ്യൽ ആണ് ഇന്ന് നടക്കുന്നത്. സുരാജിനെയും അനൂപിനെയും ചോദ്യം ചെയ്‌ത ശേഷം നടൻ ദിലീപിനെയും ഈയാഴ്‌ച ചോദ്യം ചെയ്യാൻ വിളിപ്പിക്കും.
അതിനിടെ നടിയെ ആക്രമിച്ച കേസിൽ അതിജീവിതക്ക് നീതി ലഭിക്കാന്‍ കാലതാമസം നേരിടുന്നുണ്ടെന്ന ആരോപണവുമായി സംവിധായകന്‍ ആഷിഖ് അബു രംഗത്ത് വന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്. എന്നാല്‍, നീതി ലഭിക്കുമെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും സത്യം ഏറെക്കാലം മൂടിവെക്കാനാവില്ലെന്നും ആഷിഖ് അബു പറഞ്ഞു.
‘നടിയെ ആക്രമിച്ച കേസില്‍ നീതി ലഭിക്കുന്നത് വൈകുന്നുണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. പക്ഷേ നീതി തിരസ്‌കരിക്കപ്പെട്ടിട്ടില്ല. ആ കുട്ടിക്ക് ഉറപ്പായും നീതി ലഭിക്കുമെന്നാണ് ഉറച്ച വിശ്വാസം. കേരളം പോലുള്ള ഒരു സംസ്‌ഥാനത്ത് നമ്മുടെ നീതി ന്യായ വ്യവസ്‌ഥയില്‍ എനിക്ക് വളരെ ആത്‌മവിശ്വാസമുണ്ട്. സര്‍ക്കാര്‍ ഇതിനകത്ത് മറുപടി പറയേണ്ട ചില കാര്യങ്ങളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിന് കണ്‍വിന്‍സിംഗ് ആയ ഉത്തരം ഉടനെ തന്നെ ഉണ്ടാവുമെന്ന് കരുതുന്നു,’ ആഷിഖ് അബു പറഞ്ഞു.
അതിജീവിത ഒളിച്ചിരിക്കേണ്ട കാര്യമില്ല. മുഖ്യധാരയിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. സുപ്രീം കോടതി വരെ പോവാന്‍ സാധ്യതയുള്ള കേസാണിത്. അവസാനം സത്യം പുറത്തു വരും. അത് മൂടിവെക്കാന്‍ പറ്റില്ല. മറുവശത്ത് അതിജീവിത സാധാരണപോലെ സമൂഹത്തിലേക്ക് തിരിച്ചു വരണമെന്നും ആഷിഖ് അബു കൂട്ടിച്ചേർത്തു.
Most Read: നായയെ അകാരണമായി ചവിട്ടാൻ ശ്രമിച്ച യുവാവ് മലർന്നടിച്ചു വീണു; വീഡിയോ വൈറൽ