സിഡ്‌നി: പത്ത് വർഷത്തിന് ശേഷം ബോർഡർ- ഗാവസ്‌കർ ട്രോഫി ഓസ്ട്രേലിയയുടെ കൈകളിൽ. സിഡ്‌നി ടെസ്‌റ്റിൽ ആറ് വിക്കറ്റിന് ഇന്ത്യയെ തകർത്താണ് ഓസീസ് ടെസ്‌റ്റ് പരമ്പര ജയിച്ച് കിരീടം തിരിച്ചുപിടിച്ചത്. 3-1നാണ് ഓസീസ് പരമ്പര നേടിയത്. തോൽവിയോടെ ഇന്ത്യയുടെ ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ മോഹവും അസ്‌തമിച്ചു.
ക്യാപ്‌റ്റൻ ജസ്‌പ്രീത് ബുമ്രയുടെ അഭാവമാണ് ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് തിരിച്ചടിയായത്. ആദ്യ ടെസ്‌റ്റിൽ അവിസ്‌മരണീയ വിജയവുമായി തുടങ്ങിയ ഇന്ത്യയെ രണ്ടാം ടെസ്‌റ്റിൽ തോൽപ്പിച്ച് ഓസീസ് ഒപ്പമെത്തി. മൂന്നാം ടെസ്‌റ്റിൽ മഴ ഇന്ത്യയുടെ രക്ഷയ്‌ക്കെത്തിയപ്പോൾ നാലും അഞ്ചും ടെസ്‌റ്റ് ഓസീസ് വിജയിച്ചു.
ഇന്ത്യ ഉയർത്തിയ 162 റൺസിന്റെ വിജയലക്ഷ്യം 27 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ ഓസീസ് മറികടന്നു. ഓസീസിന്റെ രണ്ടാം ഇന്നിങ്സിൽ ബുമ്രയ്‌ക്ക് പന്തെറിയാനാകാത്തതിന്റെ നിരാശകൾക്ക് ആക്കം കൂട്ടിയാണ്, സിഡ്‌നി ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ തോൽവി വഴങ്ങിയത്. സ്‌കോർ ബോർഡ് മാത്രം നോക്കിയാൽ ഓസീസ് അനായാസം ജയിച്ചുകയറിയെന്ന് തോന്നുമെങ്കിലും, 58 റൺസിനിടെ ഓസീസിന്റെ മൂന്നും 104 റൺസിനിടെ നാലും വിക്കറ്റ് വീഴ്‌ത്തി സമ്മർദ്ദം ചെലുത്തിയാണ് ഇന്ത്യയുടെ കീഴടങ്ങൽ.
സ്‌കോർ: ഇന്ത്യ- 185 & 157, ഓസ്‌ട്രേലിയ- 181 & 164/ 4. മൽസരത്തിലാകെ പത്ത് വിക്കറ്റെടുത്ത സ്‌കോട് ബോളണ്ടാണ് കളിയിലെ കേമൻ. ജസ്‌പ്രീത് ബുമ്ര പരമ്പരയുടെ താരമായി. ഇതോടെ, ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശേഷം ബോർഡർ- ഗാവസ്‌കർ ട്രോഫി ഓസ്‌ട്രേലിയയുടെ ഷെൽഫിലെത്തി. ഇതോടെ, ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഈ വർഷം ജൂണിൽ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടുമെന്ന് ഉറപ്പായി.
Most Read| ഇത് ലോകത്തെ ഏറ്റവും വിലകൂടിയ ബിരിയാണി! 14,000 കിലോയോളം ഭാരം