വടകര: അഴിയൂർ ബ്രാഞ്ച് കനാലിൽ എട്ട് വർഷത്തിനുശേഷം വെള്ളമെത്തിയത് 14 കിലോമീറ്റർ വരെ. മൂന്ന് കിലോമീറ്റർകൂടി ഇനി വെള്ളമെത്തണം. ഒപ്പം രണ്ട് കൈക്കനാലുകളിലും വെള്ളമെത്തേണ്ടതുണ്ട്. ഇതിൽ ഏറാമല കൈക്കനാലിലെ ആദിയൂർ കോൺക്രീറ്റ് നീർപ്പാലം അറ്റകുറ്റപ്പണി നടത്താത്തത് പ്രദേശവാസികൾക്ക് തിരിച്ചടിയായി.
മൊത്തം 17 കിലോമീറ്ററുള്ള അഴിയൂർ ബ്രാഞ്ച് കനാലിൽ 14 കിലോമീറ്റർവരെ വെള്ളമെത്തിയശേഷം ജലവിതരണം നിർത്തേണ്ടി വരികയായിരുന്നു. കുറച്ചുഭാഗത്ത് മണ്ണെടുത്തുമാറ്റാത്തതാണ് പ്രശ്‌നം. ഇവിടെ ചില ഭാഗത്ത് 60 സെന്റീമീറ്റർ കനത്തിൽ മണ്ണുണ്ട്. ഇതോടെ വെള്ളം പിറകോട്ടേക്ക് നിറഞ്ഞുകവിയാൻ തുടങ്ങി.
തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി പെട്ടെന്നുതന്നെ മണ്ണെടുത്തുമാറ്റാനുള്ള നടപടികൾ പഞ്ചായത്ത് ചെയ്യും. ഒരാഴ്‌ച കൊണ്ട് പ്രവൃത്തി തീരുമെന്നാണ് പ്രതീക്ഷ. ഇത് പൂർത്തിയായാലുടൻ ബാക്കി സ്‌ഥലത്തേക്ക് കൂടി വെള്ളം തുറന്നുവിടുമെന്ന് കുറ്റ്യാടി ജലസേചനവിഭാഗം ഉദ്യോഗസ്‌ഥർ വ്യക്‌തമാക്കി. ഇതോടെ കനാലിന്റെ ഏറ്റവും അവസാനം ഭാഗം വരെ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.
Read Also: രാജ്യത്ത് കോൺഗ്രസിനേക്കാൾ വർഗീയമായ മറ്റൊരു പാർട്ടിയില്ല; കേന്ദ്ര കൃഷിമന്ത്രി