ഭാരത് ജോഡോ യാത്ര: വൻ സ്വീകരണത്തോടെ കേരള പര്യടനത്തിന് തുടക്കം

150 ദിവസം കൊണ്ട് 3500 കിലോമീറ്റർ താണ്ടുന്ന യാത്രയിൽ 12 സംസ്‌ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾകൊള്ളും. 117 നേതാക്കൾ അനുഗമിക്കുന്ന യാത്ര ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പിന്നിടുക. കേരളത്തിൽ 19 ദിവസം തുടരുന്ന പര്യടനത്തിൽ 7 ജില്ലകളിലൂടെ യാത്ര കടന്നുപോകും.

By Central Desk, Malabar News
Bharat Jodo Yatra_Kerala tour kicks off with huge welcome
Ajwa Travels

തിരുവനന്തപുരം: 19 ദിവസം കേരളത്തിൽ തുടരുന്ന ‘ഭാരത് ജോഡോ യാത്ര’ക്ക് കേരള അതിർത്തിയിൽ വൻ സ്വീകരണം. ആയിരകണക്കിന് പാർട്ടിപ്രവർത്തകരും നേതാക്കളും പങ്കെടുത്ത സ്വീകരണ ചടങ്ങിൽ കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും രാഹുലിനെ പാറശാലയിൽ വരവേറ്റു.

സൗഹാര്‍ദവും സഹിഷ്‌ണുതയും നാനാത്വവും അംഗീകരിച്ചും അപരത്വത്തെ ഊട്ടിയുറപ്പിച്ചും അതിൽ വിശ്വസിച്ചും ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത എന്ന ചിന്തയിൽ വളർന്ന ജനതയായിരുന്നു ഇന്ത്യയിൽ. കഴിഞ്ഞ രണ്ടു ദശാബ്‌ദം മുൻപ് അധികാര രാഷ്‌ട്രീയത്തിന് വേണ്ടി ഇന്ത്യൻ സാമൂഹിക ജീവിതത്തിന്റെ അടിവേരുകളിൽ ഭിന്നിപ്പിക്കലിന്റെ രാഷ്‌ട്രീയ വിഷം കലക്കി ആരംഭിച്ച വെറുപ്പിന്റെ രാഷ്‌ട്രീയം, ഇന്ന് വൈചാത്യങ്ങളെ തിരസ്‌കരിച്ചും അപരത്വത്തെ വെറുത്തും തകരുന്ന ഇന്ത്യയായി മാറുകയാണ്. ഇതിനെ പ്രതിരോധിക്കാനും കെട്ടുപോകുന്ന ‘ഒരൊറ്റ ഇന്ത്യ, ഒരൊറ്റ ജനത’ എന്ന ചിന്ത ഊതികത്തിക്കാനും രാഹുൽ ഗാന്ധി ആരംഭിച്ച യാത്രയാണ് ‘ഭാരത് ജോഡോ യാത്ര’.

ബുധനാഴ്‌ച കന്യാകുമാരിയിൽ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര 150 ദിവസം കൊണ്ട് 3500 കിലോമീറ്റർ താണ്ടും. ശ്രീപെരുംപുത്തൂരിലെ രാജീവ് ഗാന്ധിയുടെ സ്‌മൃതി മണ്ഡപത്തിലെത്തി പ്രാർഥന നടത്തിയ ശേഷമാണ് രാഹുൽ ഗാന്ധി യാത്രക്ക് തുടക്കം കുറിച്ചത്.

വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്‌ട്രീയത്തിൽ തനിക്ക് പിതാവിനെ നഷ്‌ടപ്പെട്ടു. പ്രിയപ്പെട്ട നാടിനെ നഷ്‍ടപ്പെടുത്താൻ അനുവദിക്കില്ല. സ്‌നേഹം വെറുപ്പിനെ കീഴടക്കും. പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. ഒരുമിച്ച്, നമ്മൾ മറികടക്കും -യാത്രയ്‌ക്ക് തുടക്കമിട്ടുകൊണ്ട് രാഹുൽ ട്വിറ്ററിൽ കുറിച്ചു.

തമിഴ്‌നാട്, കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, രാജസ്‌ഥാൻ, ഉത്തർപ്രദേശ്, ഡെൽഹി, ഹരിയാന, പഞ്ചാബ്, ജമ്മു എന്നീ 12 സംസ്‌ഥാനങ്ങളും രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾകൊള്ളുന്ന യാത്രയിൽ 117 നേതാക്കളാണ് രാഹുൽ ഗാന്ധിയെ അനുഗമിക്കുക. ദിവസവും രാവിലെ ഏഴുമുതൽ വൈകുന്നേരം ആറരവരെയാണ് പദയാത്ര. രാത്രി വിശ്രമത്തിന്‌ കട്ടിലും ശുചിമുറിയും എസിയുമടക്കമുള്ള കണ്ടെയ്‌നറാണ് രാഹുലിനും നേതാക്കൾക്കും ആശ്വാസം പകരുക.

Bharat Jodo Yatra_Kerala tour kicks off with huge welcome
കേരളയാത്രയുടെ മുൻനിര

കേരളത്തിൽ പൊതുജനങ്ങൾക്ക് തടസമില്ലാത്ത വിധം, പരമാവധി ആൾക്കൂട്ടമില്ലാതെയാണ് യാത്രയെന്ന് കെപിസിസി അറിയിച്ചു. എന്നാൽ, വൈകീട്ട് സംസ്‌ഥാനത്തെ കോൺഗ്രസ് കമ്മിറ്റികളുടെയും പ്രവർത്തകരുടെയും ശക്‌തി പ്രകടനമാക്കി ഭാരത് ജോഡോ യാത്രയെ മാറ്റും. കേരളത്തിൽ 19 ദിവസം തുടരുന്ന പര്യടനത്തിൽ 7 ജില്ലകളിലൂടെ ഭാരത് ജോഡോ യാത്ര കടന്നു പോകും, കെപിസിസി വിശദീകരിച്ചു.

ജനാധിപത്യ-മതേതര ധ്വംസനം ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം വിലക്കയറ്റം, തൊഴിലില്ലായ്‌മ, വർധിച്ച് വരുന്ന സാമൂഹ്യ പ്രശ്‌നങ്ങൾ എന്നിവയും ജനങ്ങളിൽ എത്തിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യമെന്ന് കെപിസിസി പറഞ്ഞു.

Bharat Jodo Yatra_Kerala tour kicks off with huge welcome

രാവിലെ 7 മുതല്‍ 10 വരെയും തുടര്‍ന്ന് വൈകുന്നേരം നാല് മുതല്‍ രാത്രി ഏഴ് വരെയുമായി ഓരോ ദിവസവും 25 കിലോമീറ്റര്‍ ദൂരമാണ് പദയാത്ര വിവിധ പ്രദേശങ്ങളിലൂടെ കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂർ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് തൃശൂർ നിന്നും നിലമ്പൂര്‍ വരെ സംസ്‌ഥാന പാത വഴിയുമാണ് പര്യടനം. പാറശാല മുതല്‍ നിലമ്പൂര്‍ വരെ 19 ദിവസം കൊണ്ട് 453 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുന്നത്.

തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17,18,19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22ന് എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശൂർ ജില്ലയിലും 26നും 27ന് ഉച്ചവരെയുമായി പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 27ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയില്‍ പ്രവേശിക്കും.

Bharat Jodo Yatra_Kerala tour kicks off with huge welcome

28, 29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി കര്‍ണാടകത്തിലേക്ക് പ്രവേശിക്കും. ഭാരത് ജോഡോ യാത്ര കടന്ന് പോകുന്ന വിവിധ ജില്ലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ക്രമീകരണങ്ങള്‍ വരുത്തുന്നതിനുമായി വിവിധ കമ്മിറ്റികള്‍ക്കും കെപിസിസി രൂപം നല്‍കിയിട്ടുണ്ട്.

Bharat Jodo Yatra_Kerala tour kicks off with huge welcome

കേരളത്തില്‍ പാറശ്ശാല, നെയ്യാറ്റിന്‍കര, ബാലരാമപുരം, നേമം, തിരുവനന്തപുരം സിറ്റി, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, അരൂര്‍, ഇടപ്പള്ളി, കൊച്ചി, ആലുവ, അങ്കമാലി, ചാലക്കുടി, പുതുക്കാട്, ഒല്ലൂര്‍, തൃശ്ശൂര്‍, വടക്കാഞ്ചേരി, വള്ളത്തോള്‍ നഗര്‍, ഷൊര്‍ണ്ണൂര്‍, പട്ടാമ്പി, പെരുന്തല്‍മണ്ണ, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി 43 അസംബ്ളി നിയോജക മണ്ഡലങ്ങളിലും 12 ലോക്‌സഭാ മണ്ഡലങ്ങളിലും ഭാരത് ജോഡോ യാത്ര കടന്നു പോകും.

Health Read: ഇരുമ്പിന്റെ അഭാവമോ? ഭക്ഷണത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE