ഭോപ്പാല്‍: ഭാരത് ജോഡോ യാത്ര മാദ്ധ്യമങ്ങൾ വേണ്ടരീതിയിൽ, ഗൗരവമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഐശ്വര്യറായ് ധരിക്കുന്നത് എന്താണ്? ഷാരൂഖ് ഖാന്‍ എന്തു പറയുന്നു? വിരാട് കോഹ്‌ലിയുടെ ബൗണ്ടറി തുടങ്ങി രാജ്യത്തിന് ഒട്ടും പ്രസക്‌തമല്ലാത്ത കാര്യങ്ങളുടെ പിന്നാലെയാണ് മാദ്ധ്യമങ്ങളെന്നും രാഹുല്‍ ഗാന്ധി മധ്യപ്രദേശില്‍ പറഞ്ഞു.
‘മാദ്ധ്യമങ്ങള്‍ പ്രധാനപ്പെട്ട പൊതുപ്രശ്‌നങ്ങള്‍ അവഗണിക്കുകയാണ്. ജനശ്രദ്ധ തിരിക്കുന്നതിന് സെലിബ്രിറ്റികളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുകയാണ്. തൊഴിലില്ലായ്‌മ, കര്‍ഷകരുടെ ദുരിതം, ഭാരത് ജോഡോ യാത്രയുടെ വിജയം തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം ഐശ്വര്യറായ് എന്ത് വസ്‌ത്രമാണ് ധരിക്കുന്നത്, ഷാരൂഖ് ഖാന്‍ എന്താണ് പറയുന്നതെന്ന്, കോഹ്‌ലിയുടെ ബൗണ്ടറി ബൗണ്ടറി തുടങ്ങിയ കാര്യങ്ങളാണ് മാധ്യമ പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.’ സമ്മര്‍ദത്തിന് വഴങ്ങിയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇത് ചെയ്യുന്നതെന്നും അവരോട് തനിക്ക് വിരോധമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിജെപി തനിക്ക് നേരെ നടത്തുന്ന വ്യക്‌തിപരമായ അക്രമങ്ങള്‍ കരുത്ത് പകരുന്നതായും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ജനങ്ങളോടും കര്‍ഷകരോടും ചെയ്യുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന അഭിപ്രായമാണ് എല്ലാവര്‍ക്കും. രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് പോലും എതിര്‍പ്പുണ്ട്. കന്യാകുമാരിയില്‍ നിന്ന് തുടങ്ങിയ ഭാരത് ജോഡോ പദയാത്ര മധ്യപ്രദേശില്‍ എത്തുമ്പോള്‍ മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തൊഴില്ലായ്‌മ, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ജോഡോ യാത്ര. യാത്രയെ എല്ലാ വിഭാഗം ജനങ്ങളും വരവേല്‍ക്കാന്‍ എത്തുന്നുണ്ട്. മധ്യപ്രദേശില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും യാത്രയെ സ്വീകരിക്കാനെത്തി. യാത്ര തുടങ്ങിയപ്പോള്‍ മാദ്ധ്യമങ്ങൾ പറഞ്ഞു, കേരളത്തില്‍ യാത്ര വിജയകരമായിരിക്കും, എന്നാല്‍ കര്‍ണാടകയില്‍ പ്രശ്‌നങ്ങള്‍ ആയിരിക്കുമെന്ന്. പക്ഷെ ജനപിന്തുണ കാണുമ്പോള്‍ മാദ്ധ്യമങ്ങളുടെ പ്രവചനം തെറ്റിയെന്ന് വ്യക്‌തമാകുമെന്നും രാഹുല്‍ പറഞ്ഞു.
Most Read: തീവ്രവാദത്തിന് മതമില്ലെന്ന് തിരിച്ചറിയുന്നു; വലിയ ഭീഷണി തീവ്രവാദ ഫണ്ടിങ് -അമിത് ഷാ