ബഫര്‍ സോണ്‍ വിഷയം; നാളെ മുതൽ താമരശേരി രൂപത സമരത്തിലേക്ക്

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട കടലോര സമരങ്ങൾ ഒതുങ്ങിവരുമ്പോഴാണ്, ബഫർസോൺ വിഷയത്തിൽ മലയോരമേഖല സർക്കാരിനെതിരെ സമരത്തിലേക്ക് കടക്കുന്നത്.

By Central Desk, Malabar News
buffer zone subject-From tomorrow, Diocese of Tamarassery will go on strike
Ajwa Travels

കോഴിക്കോട്: കര്‍ഷകരോട് സ്‌നേഹമില്ലാതെ, അവരുടെ ബുദ്ധിമുട്ട് മനസിലാക്കാതെ, മലയോരങ്ങളില്‍ താമസിക്കുന്നവരെ ഉൾകൊള്ളാതെ മാപ്പ് പ്രസിദ്ധീകരിച്ചവര്‍ക്ക് മാപ്പ് നല്‍കാനാകില്ലെന്നും വിഷയത്തിൽ ജനങ്ങളെ അണിനിരത്തി നാളെ മുതൽ കൂരാച്ചുണ്ടിൽ നിന്ന് സമരം ആരംഭിക്കുമെന്നും പ്രഖ്യാപിച്ച് താമരശേരി രൂപത.

കേരളാ കാത്തലിക് ബിഷപ് കൗൺസിലും (കെസിബിസി) വിവിധ കർഷക സംഘടനകളും നേതൃത്വം നൽകുന്ന പ്രക്ഷോപ പരമ്പരകളുടെ പ്രഖ്യാപനത്തിലേക്കുള്ള സൂചനയാണ് നാളത്തെ താമരശേരി രൂപതയുടെ സമരം. വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട കടലോര സമരങ്ങൾ ഒതുങ്ങിവരുമ്പോഴാണ് മലയോരമേഖല സമരത്തിലേക്ക് കടക്കുന്നത്.

കർഷകരുടെ കൃഷിഭൂമിയിൽ കരുതൽമേഖല നടപ്പാക്കാനുള്ള നീക്കത്തിനെതിരെയാണ് താമരശേരി രൂപത സമരത്തിന് ഒരുങ്ങുന്നത്. അശാസ്‌ത്രീയമായ ഉപഗ്രഹ സർവേയിലൂടെ മലയോരജനതയെ അങ്കലാപ്പിലാക്കി സർക്കാർ പുറത്തുവിട്ട കരുതൽമേഖല മാപ്പിങ് വളരെ അപാകത നിറഞ്ഞതാണെന്നാണ് കർഷക സംഘടനകളുടെയും അതിരൂപതയുടേയും വാദം.

ഇക്കഴിഞ്ഞ 12ആം തീയതി സർക്കാർ പുറത്തിറക്കിയ മാപ്പ് നിരവധി അപകടം വരുത്തി വെക്കുന്നതാണെന്ന് വി ഫാം ഫാർമേഴ്‌സ് ഫൗണ്ടേഷൻ ചെയർമാൻ ജോയി കണ്ണഞ്ചിറ ഉൾപ്പടെ പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. മലയോരജനതക്ക് വളരെ പ്രതീക്ഷ നൽകിക്കൊണ്ട് സംസ്‌ഥാന സർക്കാർ ഗ്രൗണ്ട് സർവേക്കായി നിയോഗിച്ച ഒമ്പത് അംഗ കമ്മിറ്റി ഗ്രൗണ്ട് സർവേ നടത്താതെ ഉപഗ്രഹ സർവേയെ മാത്രം ആശ്രയിച്ചപ്പോൾ ഇതിൽ ഉൾപ്പെടേണ്ട വീടുകളും കെട്ടിടങ്ങളും മറ്റു നിർമിതികളും വളരെ കുറച്ചുമാത്രമാണ് ഉൾപ്പെട്ടത് എന്നും ഇവർ അവകാശപ്പെടുന്നു.

കെട്ടിടങ്ങളെയും വീടുകളെയും സ്‌ഥാപനങ്ങളെയുമൊക്കെ സംബന്ധിച്ച കണക്കുകൾ വില്ലേജിലും പഞ്ചായത്തിലും കിട്ടാനുള്ള സ്‌ഥിതിക്ക് ഉപഗ്രഹ സർവേ മാത്രം നടത്തിയതിൽ ദുരൂഹതയുണ്ടെന്ന് കേരള കർഷക അതിജീവന സംയുക്‌ത സമിതി, ഇൻഫാം എന്നിവയുടെ ഭാരവാഹിയായ ഫാ. ജോസ് പെന്നാപറമ്പിലും വിശദീകരിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ നിരവധി തവണ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയതാണെന്നും നടപടിയുണ്ടായില്ലെന്നും താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയലും പറഞ്ഞു.

‘സർക്കാർ പ്രസിദ്ധീകരിച്ച ഉപഗ്രഹ സർവേ റിപ്പോർട്ടിൽ കൂരാച്ചുണ്ട്, ചക്കിട്ടപാറ പഞ്ചായത്തുകളിലെ ഭൂരിഭാഗവും പുതുപ്പാടിയിലെ രണ്ട് സർവേ നമ്പറിലെ ഭൂമിയും കരുതൽ മേഖലയിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്. ഈ മേഖലയിലെ ജനവാസയിടങ്ങളും വീടുകളുടെയും കൃത്യമായ വിവരണങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ല. കൃഷിഭൂമിയിലും ജനവാസമേഖലയിലും കരുതൽമേഖല നടപ്പാക്കാൻ അനുവദിക്കില്ല. വനമേഖല മാത്രം കരുതൽമേഖലയിൽ ഉൾപ്പെടുത്തണം.’ -സമരക്കാർ വിശദീകരിക്കുന്നു.

വന്യജീവി സങ്കേതങ്ങൾക്കും നാഷനൽ പാർക്കുകൾക്ക് ചുറ്റും ഒരു കിമി ദൂരം കരുതൽമേഖല നിർബന്ധിതമാക്കണമെന്ന് 2022 ജൂൺ മൂന്നാം തീയതി സുപ്രീംകോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനാവശ്യമായ കരുതൽമേഖല സ്‌ഥിതി വിവരക്കണക്കുകൾ ശേഖരിക്കാനും ആവശ്യമായ നടപടികളും ഭേദഗതികളും നിർദേശിക്കാനും സുപ്രീംകോടതി ഉത്തരവിൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

അതുപ്രകാരം കരുതൽമേഖല നിർണയിച്ച് സംസ്‌ഥാന സർക്കാർ നടത്തിയ ഉപഗ്രഹ സർവേ റിപ്പോർട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. ഇതാണ് മലയോരമേഖലയിലെ കർഷക സംഘടനകളുടെയും കെസിബിസിയുടെയും പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രസിദ്ധീകരിച്ചിരിക്കുന്ന ഉപഗ്രഹ മാപ്പ് എത്രയും പെട്ടെന്ന് പിന്‍വലിച്ച് സുപ്രീംകോടതി നിര്‍ദേശ പ്രകാരം, ലഭിച്ചിരിക്കുന്ന സമയം പ്രയോജനപ്പെടുത്തി വേഗത്തിൽ നടപടികള്‍ സ്വീകരിക്കണമെന്ന് സമരക്കാർ നിർദ്ദേശിക്കുന്നുണ്ട്.

‘രണ്ടോ മൂന്നോ മന്ത്രിമാരെ നിയോഗിച്ച് അവരുടെ നേതൃത്വത്തില്‍ പഠനം നടത്തണം. സാമൂഹികാഘാത പഠനം നടത്താന്‍ കമ്മിറ്റിയെ നിയോഗിക്കണം. അതിജീവനത്തിനുള്ള അവകാശം കര്‍ഷകര്‍ക്കുണ്ട്. അത് നിഷേധിക്കാന്‍ അനുവദിക്കില്ല’ -താമരശേരി രൂപത ബിഷപ്പ് മാര്‍ റെമിഞ്ചിയോസ് ഇഞ്ചനാനിയല്‍ അറിയിച്ചു.

Most Read: കെഎസ്ആർടിസി ജീവനക്കാർ വീണ്ടും കാക്കിയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE