ബാകു: ഫിഡെ ചെസ് ലോകകപ്പ് ഫൈനലിന് ഇന്ന് തുടക്കം. വൈകിട്ട് 4.15നാണ് മൽസരം തുടങ്ങുക. ലോക ഒന്നാം നമ്പർ മാഗ്‌നസ് കാൾസനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്‌റ്റര്‍ ആര്‍ പ്രജ്‌ഞാനന്ദയുടെ എതിരാളി. ലോകകപ്പിലെ പ്രജ്‌ഞാനന്ദയുടെ വിസ്‌മയക്കുതിപ്പിൽ ചെസ് ലോകത്തിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ചെസ് ഇതിഹാസം ബോബി ഫിഷറിനും മാഗ്‌നസ് കാൾസനും ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ് പ്രജ്‌ഞാനന്ദ.
2005ൽ ടൂർണമെന്റ് നോക്ക്ഔട്ട് ഫോർമാറ്റിലേക്ക് മാറിയ ശേഷം ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് തമിഴ്‌നാട്ടിൽ നിന്നുള്ള 18 വയസുകാരനായ പ്രജ്‌ഞാനന്ദ. ലോകകപ്പ് സെമിയിൽ യുഎസ്എയുടെ ലോക മൂന്നാം നമ്പർ താരം ഫാബിയാനോ കരുവാനയെ 3.5- 2.5 എന്ന സ്‌കോറിന് മറികടന്നാണ് 29ആം റാങ്കുകാരനായ ഇന്ത്യൻ താരത്തിന്റെ ഫൈനൽ പ്രവേശനം.
2022ൽ എഫ്‌ടിഎക്‌സ് ക്രിപ്‌റ്റോ കപ്പിൽ കാൾസനെ തുടർച്ചയായി മൂന്ന് തവണ തോൽപ്പിച്ചതിന്റെ ആത്‌മവിശ്വാസം ഫൈനലിന് ഇറങ്ങുമ്പോൾ പ്രജ്‌ഞാനന്ദക്ക് കൂട്ടിനുണ്ട്. ചെസ് ലോകത്തെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നായി 2013 മുതൽ ഒന്നാം റാങ്ക് അലങ്കരിക്കുന്ന കാൾസനാകട്ടെ, ആദ്യ ചെസ് ലോകകപ്പ് തേടിയാണ് പ്രജ്‌ഞാനന്ദക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!