തിരുവനന്തപുരം: നീണ്ട ചർച്ചകൾക്ക് ശേഷം യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വിഡി.സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് കെസി. വേണുഗോപാൽ പക്ഷം അതൃപ്തി അറിയിച്ചിരുന്നെങ്കിലും പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുമെന്നാണ് സൂചന. പൊതുഭരണം, ധനകാര്യം, തുറമുഖം, നിയമം എന്നീ പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി വിഡി. സതീശൻ തന്നെയാണ് നിലവിൽ ഏറ്റെടുത്തിരിക്കുന്നത്.
അതിനിടെ, നിയമസഭയിലെ മുതിർന്ന അംഗമായ ജി. സുധാകരൻ പ്രോടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംഎൽഎമാർക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ജി. സുധാകരനായിരിക്കും.
ചടങ്ങിൽ മുഖ്യമന്ത്രി വിഡി. സതീശൻ, മന്ത്രിമാരായ ബിന്ദു കൃഷ്ണ, റോജി എം ജോൺ, സിപി ജോൺ, ഒജെ. ജനീഷ് തുടങ്ങിയ മന്ത്രിമാർ എത്തിയിരുന്നു. അമ്പലപ്പുഴയിൽ നിന്നാണ് ജി. സുധാകരൻ ഇത്തവണ ജനവിധി തേടിയത്. സിപിഎമ്മുമായി ഇടഞ്ഞു, ഇത്തവണ യുഡിഎഫ് സ്വതന്ത്രനായി മൽസരിച്ച് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ആളാണ് ജി. സുധാകരൻ.
തിരഞ്ഞെടുപ്പ് വേളയിൽ സിപിഎം നേതാക്കളും മുൻ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ, നാളെ നിയമസഭയിൽ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ പിണറായി വിജയൻ ഉൾപ്പടെയുള്ള ഇടത് നേതാക്കൾക്ക് ജി. സുധാകരനായിരിക്കും സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്.
പുതിയ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തിരഞ്ഞെടുക്കുന്നത് വരെയുള്ള ഒരു ദിവസത്തെ താൽക്കാലിക ചുമതല മാത്രമാണ് പ്രോടൈം സ്പീക്കർക്ക് ഉള്ളത്. തുടർന്ന് നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് ഷാനിമോൾ ഉസ്മാനെയും കോൺഗ്രസ് നിശ്ചയിച്ചിട്ടുണ്ട്.
Most Read| മോദിയെ വംശീയമായി അധിക്ഷേപിച്ച് നോർവേ പത്രത്തിലെ കാർട്ടൂൺ; വിവാദം




































