രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗ ഭീതി; കേരളവും ഭയപ്പെടണം

By Nidhin Sathi, Official Reporter
  • Follow author on
Representational Image
Ajwa Travels

തിരുവനന്തപുരം: കേരളത്തിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. സംസ്‌ഥാനത്തിന്റെ ഭരണ സാരഥ്യത്തിൽ നിലയുറപ്പിക്കാൻ മൂന്ന് മുന്നണികളും കച്ചകെട്ടി ഇറങ്ങിക്കഴിഞ്ഞു. പ്രചാരണം പൊടിപൊടിക്കുന്നു, പൊതുയോഗങ്ങൾ തകൃതിയായി നടക്കുന്നു.

കണ്ടാൽ കോവിഡ് കാലമാണെന്ന് ആരും പറയില്ല. കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ ഏപ്രിൽ അവസാനത്തോടെ കേരളം അടക്കമുള്ള 10 സംസ്‌ഥാനങ്ങളിൽ കോവിഡ് വ്യാപനം അതിശക്‌തമായി തിരിച്ചു വരുമെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

കോവിഡ് മാനദണ്ഡങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി വേണം സ്‌ഥാനാർഥികൾ പെരുമാറാനെന്ന ശക്‌തമായ പെരുമാറ്റചട്ടം നിലനിൽക്കെ അതെല്ലാം പൂർണമായും കാറ്റിൽ പറത്തിയാണ് കേരളത്തിലെ സാധാരണ മനുഷ്യരുടെ ആരോഗ്യത്തിന് നേരെ രാഷ്‌ട്രീയ പ്രവർത്തകർ വെല്ലുവിളി ഉയർത്തുന്നത്.

സമൂഹത്തിന് മാതൃകയാകേണ്ട സ്‌ഥാനാർഥികളുടെ മുഖ്യപങ്കും, രാഷ്‌ട്രീയ വ്യത്യാസമില്ലാതെ അരാചകത്വമാണ് കാഴ്‌ചവെക്കുന്നത്. ഇതുണ്ടാക്കാൻ പോകുന്ന അപകടം ചെറുതായിരിക്കില്ല എന്നാണ് ആരോഗൃ രംഗത്തുള്ളവർ ചൂണ്ടിക്കാണിക്കുന്നത്. കോവിഡിന്റെ രണ്ടാം വരവ് പലയിടത്തും ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്, വ്യാപകമായിട്ടില്ല എന്ന് മാത്രം. ഈ നിലയിലാണ് നമ്മുടെ ജനത മുന്നോട്ടു പോകുന്നതെങ്കിൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അതീവ ഗുരുതര സാഹചര്യമാവും കേരളം നേരിടേണ്ടിവരിക.

രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ മുഖാവരണം ധരിക്കുക, സാമൂഹിക അകലം ‘നിർബന്ധമായും’ പാലിക്കുക, വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിക്കാതിരിക്കുക, കൈ കൊടുക്കുകയും പ്രായമായവരെയും മറ്റും സ്‌പർശിക്കുകയും ചുംബിക്കുകയും ചെയ്യാതിരിക്കുക, കുട്ടികളെ എടുക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളിലും ശ്രദ്ധവേണമെന്ന ‘ശക്‌തമായ നിബന്ധനകൾ’ നിലവിലുണ്ട്.

ഇതുൾപ്പടെ കോവിഡ് കാല മുന്‍കരുതലുകളെപ്പറ്റി വിവിധതലങ്ങളില്‍ ബോധവൽക്കരണം നടത്തിയിട്ടും തിരഞ്ഞെടുപ്പു രംഗത്തുള്ള സ്‌ഥാനാർഥികളോ പ്രവർത്തകരോ ഇതൊന്നും പാലിക്കുന്നില്ലെന്ന സത്യം നാം ദൃശ്യമാദ്ധ്യങ്ങളിലൂടെയും, നേരിട്ടും കാണുകയാണ്.

Read Also: കോവിഡ്; മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങളിൽ കടുത്ത ആശങ്കയെന്ന് കേന്ദ്രം

എന്നാൽ ഇതിനെതിരെ ആരും പ്രതികരിക്കാനില്ല ! ആരും നിയമനടപടി സ്വീകരിക്കാനില്ല ! കാരണം ഇടതും വലതും നടുവും ഉൾപ്പടെയുള്ള എല്ലാ രാഷ്‌ട്രീയ പ്രവർത്തകരും മാദ്ധ്യമലോകവും ഉൾപ്പടെ 80 ശതമാനം പേരും അരാചകത്വം നടപ്പിലാക്കുകയാണ്. ആരാണ് ചോദ്യം ചെയ്യുക? ചങ്ങലക്ക് ഭ്രാന്തായ അവസ്‌ഥ!

കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിലെ കോവിഡ് വളർച്ചാ നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്. എന്നാൽ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ ഇത് വൻതോതിൽ ഉയരുമെന്നാണ് വിദഗ്‌ധാഭിപ്രായം. നിയന്ത്രണങ്ങൾ നടപ്പിലാക്കേണ്ട, അവ പാലിച്ച് മാതൃകയാവേണ്ട പൊതുപ്രവർത്തകർ തന്നെ അതിനെയൊക്കെ വെല്ലുവിളിക്കുമ്പോൾ സാധാരണക്കാരന്റെ അവസ്‌ഥ എന്തായിരിക്കും ?

പുതിയ ഇരട്ട ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിധ്യം 18 സംസ്‌ഥാനങ്ങളില്‍ കണ്ടെത്തിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ട് മണിക്കൂറുകൾ മാത്രമേ ആയിട്ടുള്ളു. നിലവിലെ സാഹചര്യത്തിൽ വാക്‌സിനേഷനെ മാത്രം മുഖവിലക്ക് എടുത്തുകൊണ്ട് നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കൽ സാധ്യമല്ല.

ഇത് മനസിലാക്കി രാഷ്‌ട്രീയക്കാരും, ഭരണകർത്താക്കളും, ജനപ്രതിനിധികളും പെരുമാറിയില്ലെങ്കിൽ കേരളം ഒരു ശവപ്പറമ്പായി മാറും, ഇറ്റലിയും യുഎസും ഇവിടെയും ആവർത്തിക്കും. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി, അത് നാം ചെയ്‌തേ മതിയാകൂ. കോവിഡിനെതിരെയുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് ഓർക്കുക, ജാഗ്രത പാലിക്കുക.

Read Also: കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE