റാബിയയുടെ കൊലപാതകം; നീതിതേടി പ്രതിഷേധം ശക്‌തം

By News Desk, Malabar News
Rabia Saifi_Murder
Ajwa Travels

ന്യൂഡെൽഹി: ലജ്‌പത്‌ നഗർ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിലെ സിവിൽ ഡിഫൻസ് ഉദ്യോഗസ്‌ഥയായ റാബിയ സെയ്‌ഫിയുടെ കൊലപാതകത്തിൽ ജനരോഷം ഉയരുന്നു. ഡെൽഹിക്ക് പുറമേ യുപി, ഉത്തരാഖണ്ഡ്, ബിഹാർ, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലും റാബിയയ്‌ക്ക് നീതിതേടി പ്രതിഷേധം തുടരുകയാണ്. ഈ സംസ്‌ഥാനങ്ങളിൽ വിവിധ സംഘടനകൾ മെഴുകുതിരി തെളിയിച്ച് മാർച്ചുകൾ സംഘടിപ്പിച്ചു.

റാബിയ ബലാൽസംഗത്തിന് ഇരയായത് സംബന്ധിച്ച് ഇതുവരെ സ്‌ഥിരീകരണം ഉണ്ടായിട്ടില്ല. എന്നിരുന്നാലും അതീവ ക്രൂരമായ ഒരു കുറ്റകൃത്യമാണ് നടന്നിരിക്കുന്നത്. ഇതിനെ കുറിച്ച് ദേശീയ മാദ്ധ്യമങ്ങൾ ഉൾപ്പടെയുള്ള മാദ്ധ്യമങ്ങൾ നിശബ്‌ദത പാലിക്കുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിലേക്കാണ് പൊതുജനം വിരൽചൂണ്ടുന്നത്. ഇരയോടൊപ്പം നിൽക്കേണ്ട മാദ്ധ്യമങ്ങൾ വേട്ടക്കാർക്കൊപ്പം നിലകൊള്ളുന്ന അവസ്‌ഥയുണ്ടെന്നും സമൂഹ മാദ്ധ്യമങ്ങളിലൂടെ നിരവധി സാമൂഹിക- സാംസ്‌കാരിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

യഥാർഥ കുറ്റവാളികളെ രക്ഷിക്കാനായി പോലീസ് അന്വേഷണം മന്ദഗതിയിലാക്കുന്നുവെന്നും റാബിയയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നുമാണ് രാഷ്‌ട്രീയ നേതാക്കൾ ഉൾപ്പടെ ഉയർത്തുന്ന ആരോപണം. റാബിയയ്‌ക്ക് നീതി തേടുക മാത്രമല്ല, ഇവരുടെ കുടുംബത്തിന് ന്യായമായ നഷ്‌ടപരിഹാരം നൽകണമെന്നും രാഷ്‌ട്രീയ- മത രംഗത്തെ പ്രവർത്തകർ ആവശ്യപ്പെട്ടു.

കോൺഗ്രസിന്റെ മുതിർന്ന നേതാവ് ഹാറൂൺ യൂസഫ് പോലീസിന്റെയും സർക്കാരുകളുടെയും നിലപാടിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിയമവ്യവസ്‌ഥ തകർന്നതായി ഇദ്ദേഹം വിലപിക്കുകയും ചെയ്‌തു. രാജ്യത്ത് നീതി തേടി നെട്ടോട്ടമോടേണ്ട അവസ്‌ഥയാണ് ഇരകൾക്കുള്ളതെന്നും അദ്ദേഹം പറയുന്നു.

ഡെൽഹിയിൽ സ്‌ത്രീസുരക്ഷ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. എന്നിട്ടും സർക്കാരുകൾ നിശബ്‌ദ കാഴ്‌ചക്കാരായി മാറുകയാണ്. മുസ്‌ലിം നേതാക്കൾക്ക് സമുദായത്തിന്റെ വോട്ട് ലഭിക്കുന്നുണ്ടെങ്കിലും ഈ വോട്ടുകൾ അവരുടെ ശബ്‌ദമായി മാറുന്നില്ല. റാബിയയുടെ മാതാപിതാക്കളെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സന്ദർശിക്കാത്തത് ലജ്‌ജാകരമാണ്. റാബിയയ്‌ക്ക് നീതി ലഭിക്കണം, കൊലയാളികളെ എത്രയും വേഗം തൂക്കിക്കൊല്ലുകയും റാബിയയുടെ കുടുംബത്തിന് ഉചിതമായ നഷ്‌ടപരിഹാരം നൽകുകയും വേണം; യൂസഫ് കൂട്ടിച്ചേർത്തു.

കേസ് രണ്ട് സംസ്‌ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിച്ച് പോലീസ് മനപ്പൂർവം അവഗണിക്കുകയാണ്. ഓഗസ്‌റ്റ്‌ 27ന് ഒരു നിഗൂഢ വ്യക്‌തി പ്രത്യക്ഷപ്പെട്ട് താൻ പ്രതിയാണെന്നും തന്നെ അറസ്‌റ്റ്‌ ചെയ്യണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, പോലീസോ കോടതിയോ ഇയാളെ റിമാൻഡ് ചെയ്‌തില്ല. രാജ്യത്തെ നിയമവ്യവസ്‌ഥയിൽ സംശയം ജനിപ്പിക്കുന്ന സംഭവമാണിത്; സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടറി തസ്‌ലിം റഹ്‌മാനിയുടെ പ്രതികരണം ഇങ്ങനെ.

ഒരു വിഭാഗം ആളുകൾ തങ്ങളുടെ വീടുകളിൽ നിശബ്‌ദരായി ഇരുന്ന് കൊണ്ട് ഈ കേസിനെ വർഗീയതയുടെ കണ്ണിലൂടെ നോക്കിക്കാണുകയാണ്. മാദ്ധ്യമങ്ങളും കാതടപ്പിക്കുന്ന നിശബ്‌ദതയിലാണ്. 8 വർഷം മുൻപ് നിർഭയ കേസിൽ രാജ്യം മുഴുവൻ ശബ്‌ദം ഉയർത്തി. നിർഭയയ്‌ക്ക് നീതി തേടി ജനങ്ങൾ തെരുവിലിറങ്ങി. എന്നാൽ, ഇന്ന് ആരും അതിന് തയ്യാറാകുന്നില്ല എന്നത് അപലപനീയമാണ്. റാബിയയുടെ കൊലയാളികൾക്ക് ശിക്ഷ നേടിക്കൊടുക്കാനുള്ള എല്ലാ നിയമവഴികളും ഉപയോഗപ്പെടുത്താൻ എസ്‌ഡിപിഐ അഭിഭാഷകരുടെ ഒരു ടീമിനെ തയ്യാറാക്കുകയാണെന്നും തസ്‌ലിം റഹ്‌മാനി പറഞ്ഞു.

ജംഇയത് ഇ ഉലമ ഹിന്ദിന്റെ സംസ്‌ഥാന പ്രസിഡണ്ട് മൗലാനാ ആബിദ് കാശ്‌മിയും പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ‘ഈ മനുഷ്യത്വരഹിതവും ക്രൂരവുമായ കുറ്റകൃത്യം നടത്തിയവർ ഉടൻ ശിക്ഷിക്കപ്പെടണം. നാൾക്കുനാൾ വർധിച്ചുവരുന്ന ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുന്നതാണ്. അതിനാൽ സ്‌ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾക്കെതിരെ സർക്കാർ ശക്‌തമായ നിയമനിർമാണം നടത്തണം. ഡെൽഹി സർക്കാർ വിഷയത്തിൽ ഇടപെടുകയും കേസ് അന്വേഷിക്കാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിക്കുകയും വേണം. റാബിയയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്‌ടപരിഹാരമായി നൽകുകയും വേണം’; ആബിദ് കാശ്‌മി പറഞ്ഞു.

ഓഗസ്‌റ്റ് 26നാണ് റാബിയ സെയ്‌ഫി കൊലചെയ്യപ്പെട്ടത്. കൊലപാതകം അതിക്രൂരമായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അവരുടെ കഴുത്ത് പിളര്‍ക്കുകയും മാറിടങ്ങള്‍ രണ്ടും മുറിച്ചുമാറ്റുകയും ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും ചെയ്‌തിരുന്നതായി നിരവധിയാളുകൾ സമൂഹ മാദ്ധ്യമങ്ങൾ വഴി പറയുന്നു. ശരീരത്തിലുടനീളം ധാരാളം മുറിവുകളുണ്ടായിരുന്നതായി പോലീസും വ്യക്‌തമാക്കുന്നുണ്ട്. അൻപതിലധികം തവണ മൂർച്ചയുള്ള ആയുധമുപയോഗിച്ച് കുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

നിരവധി ദുരൂഹതകളുള്ള ഈ കേസില്‍ റാബിയയുടെ കൊലയാളിയാണെന്ന് അവകാശപ്പെട്ട് നിസാമുദ്ദീന്‍ എന്നയാള്‍ രംഗത്തുവന്നിട്ടുണ്ട്. റാബിയയെ താന്‍ വിവാഹം കഴിച്ചിട്ടുണ്ടെന്നും ഇയാള്‍ അവകാശപ്പെടുന്നു. നിസാമുദ്ദീനെതിരേ പോലീസ് എഫ്‌ഐആര്‍ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. എന്നാൽ, കേസ് വഴിതിരിച്ചുവിടാൻ ഇയാളെ കോടികൾ കൊടുത്ത് സൃഷ്‌ടിച്ചതാണെന്നാണ് റാബിയയുടെ കുടുംബത്തിന്റെ ആരോപണം.

റാബിയയെ ബലാല്‍സംഗം ചെയ്‌താണ്‌ അതിക്രൂരമായി കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നിൽ ലജ്‌പത്‌ നഗര്‍ ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് പങ്കുണ്ടെന്നും കുടുംബം ആവർത്തിക്കുന്നു. ഓഗസ്‌റ്റ് 26ന് പോലീസില്‍ കീഴടങ്ങിയെന്ന് പോലീസ് അവകാശപ്പെടുന്ന ഇയാളെ എന്തുകൊണ്ട് 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കിയില്ലെന്ന ഗുരുതരമായ സംശയവും കുടുംബം ഉയര്‍ത്തിയിട്ടുണ്ട്.

Also Read: റാബിയ സെയ്‌ഫി കൊലപാതകം; പ്രതിയെ ‘സൃഷ്‌ടിച്ചതെന്ന്’ കുടുംബം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE