നയപ്രഖ്യാപനത്തിൽ ഒപ്പിടില്ല, ഇടഞ്ഞ് ഗവർണർ; സർക്കാരിന് പ്രതിസന്ധി

By News Desk, Malabar News
governor
Ajwa Travels

തിരുവനന്തപുരം: നിയമസഭാ സമ്മേളനം നാളെ ചേരാനിരിക്കെ സർക്കാരിന് കൂടുതൽ പ്രതിസന്ധി. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിസമ്മതിച്ചു. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങൾക്ക് പെൻഷൻ നൽകുന്ന നടപടി റദ്ദാക്കണമെന്ന ഉപാധിയാണ് ഗവർണർ സർക്കാരിന് മുന്നിൽ വെച്ചിരിക്കുന്നത്. എങ്കിൽ മാത്രമേ താൻ നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പുവെക്കൂ എന്നും ഗവർണർ അറിയിച്ചു.

മുഖ്യമന്ത്രിയടക്കം അനുനയ നീക്കം നടത്തിയെങ്കിലും നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഗവർണർ. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം അനിശ്‌ചിതത്വത്തിലായി. സംസ്‌ഥാന നിയമസഭാ ചരിത്രത്തിൽ അത്യപൂർവ സംഭവമാണിത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാജ്‌ഭവനിലെത്തി ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം കൈമാറിയിരുന്നു. അപ്പോഴാണ് ഗവർണർ നിലപാട് വ്യക്‌തമാക്കിയത്‌. മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫുകളിൽ രാഷ്‌ട്രീയമായി നിയമിക്കുന്നവരുടെ പെൻഷൻ ബാധ്യത സർക്കാർ ഏറ്റെടുക്കുന്നത് എന്തിനാണെന്ന് ഗവർണർ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

പെൻഷൻ ഉറപ്പാക്കാനായി സ്‌റ്റാഫ്‌ അംഗങ്ങൾ രണ്ടുവർഷം കഴിഞ്ഞ് രാജിവെക്കുകയും പുതിയവരെ നിയമിക്കുകയും ചെയ്യുന്നത് ശരിയായ നടപടിയല്ല. സർക്കാർ ചെലവിൽ പാർട്ടി കേഡർമാരെ വളർത്തുന്നതിനോട് യോജിപ്പില്ല. പേഴ്‌സണൽ സ്‌റ്റാഫുകളെ ഇഷ്‌ടംപോലെ നിയമിച്ച് അവർക്ക് ശമ്പളവും പെൻഷനും ഉറപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നതും അതൊരു നാണംകെട്ട രീതിയാണെന്നും ഗവർണർ കുറ്റപ്പെടുത്തി.

ബിജെപി സംസ്‌ഥാന കമ്മിറ്റി അംഗം ഹരി എസ്‌ കർത്തയെ ഗവർണറുടെ പേഴ്‌സണൽ സ്‌റ്റാഫിൽ നിയമിച്ചതിൽ സർക്കാർ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിമാരുടെ പേഴ്‌സണൽ സ്‌റ്റാഫ്‌ അംഗങ്ങളെ കുറിച്ചുള്ള ഗവർണറുടെ പ്രതികരണം.

മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർക്ക് കൈമാറുകയും ഗവർണർ അത് സഭയിലെത്തി വായിക്കുകയും ചെയ്യുന്നതാണ് നിലവിലെ കീഴ്‌വഴക്കം. എന്നാൽ, നയപ്രഖ്യാപനം അംഗീകരിക്കാൻ ഉപാധിവെച്ച സാഹചര്യത്തിൽ സർക്കാർ തിടുക്കപ്പെട്ട് ഇത് അംഗീകരിക്കുമോ ഇല്ലെങ്കിൽ മറ്റേത് രീതിയിലാകും പ്രതികരിക്കുക എന്നത് കണ്ടറിയണം. നാളെ ഗവർണർ സഭയിലെത്തുമോ എന്നാണ് ഇപ്പോൾ ഉറ്റുനോക്കുന്നത്.

Also Read: വിവാഹേതര ബന്ധം ജോലിയിൽനിന്ന് പിരിച്ചുവിടാനുള്ള കാരണമല്ല; ഗുജറാത്ത് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE