അഹമ്മദാബാദ്: സമൂഹത്തിന്റെ കണ്ണിൽ വിവാഹേതര ബന്ധം സദാചാര വിരുദ്ധമാകാമെങ്കിലും ജോലിയിൽനിന്ന് പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് വ്യക്‌തമാക്കി ഗുജറാത്ത് ഹൈക്കോടതി. ഇക്കാരണത്താൽ 2013ൽ പിരിച്ചുവിടപ്പെട്ട പോലീസുകാരനെ തിരിച്ചെടുക്കാനും ഇക്കാലയളവിലെ ശമ്പളത്തിന്റെ 25 ശതമാനം നൽകാനും ജസ്‌റ്റിസ് സംഗീതാ വിശൻ ഉത്തരവിട്ടു.
അഹമ്മദാബാദിൽ കോൺസ്‌റ്റബിളായിരുന്ന ആളുടെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. പരാതിക്കാരൻ ഷാഹിബാഗിൽ കുടുംബസമേതമാണ് താമസിച്ചിരുന്നത്. സമീപത്തെ വീട്ടിലെ ഒരു സ്‌ത്രീയുമായി ഇയാൾക്ക് ബന്ധമുള്ളതായി ഉന്നത ഉദ്യോഗസ്‌ഥർക്ക് പരാതി ലഭിച്ചു. സ്‌ത്രീയുടെ ബന്ധുക്കളായിരുന്നു പരാതിക്കാർ.
ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണെന്നായിരുന്നു ഇരുവരുടെയും മറുപടി. എന്നാൽ, പോലീസിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാൽ ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഇതിനെതിരേ കോൺസ്‌റ്റബിൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പോലീസ് അന്വേഷണം ചടങ്ങിന് മാത്രം നടത്തി തീർപ്പിലെത്തുകയായിരുന്നു എന്ന് കോടതി വിലയിരുത്തി. നിർബന്ധമോ ചൂഷണമോ ഇല്ലാത്ത സ്വകാര്യമായ ബന്ധത്തെ പെരുമാറ്റദൂഷ്യമെന്ന് പറഞ്ഞ് ഒരാളെ ജോലിയിൽനിന്ന് പിരിച്ചുവിടാനാവില്ലെന്നും കോടതി വ്യക്‌തമാക്കി.
Most Read: മദ്രസകളിലാകാം; സ്‌കൂളിലും കോളേജിലും ഹിജാബ് വേണ്ടെന്ന് പ്രഗ്യാ സിംഗ്