മുൻ കേന്ദ്രമന്ത്രി ശരത് യാദവിന്റെ വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ

അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായക സ്‌ഥാനം അലങ്കരിച്ച നേതാവാണ് മൻമറിഞ്ഞത്. ഏഴ് തവണ ലോക്‌സഭാംഗവും 4 തവണ രാജ്യസഭാ അംഗവുമായി. 1989-90, 1999-04 കാലഘട്ടങ്ങളിൽ ആണ് ശരത് യാദവ് കേന്ദ്രമന്ത്രി സ്‌ഥാനത്ത്‌ എത്തിയത്.

By Trainee Reporter, Malabar News
sharad-yadav
ശരത് യാദവ്
Ajwa Travels

ന്യൂഡെൽഹി: സോഷ്യലിസ്‌റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവിന്റെ(75) വിയോഗത്തിൽ അനുശോചിച്ച് പ്രമുഖർ. രാഷ്‌ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പടെ അനുശോചനം രേഖപ്പെടുത്തി.

ശരത് യാദവ് പാർലമെന്റിന്റെ ഉജ്വല ശബ്‌ദം ആയിരുന്നുവെന്ന് രാഷ്‌ട്രപതി അനുശോചിച്ചു. ”അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. ജനാധിപത്യ മൂല്യങ്ങൾക്കായി പോരാടിയ അദ്ദേഹം, പാർലമെന്റിൽ പ്രധാന ദേശീയ ശബ്‌ദമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെയും പ്രവർത്തകരെയും അനുശോചനം അറിയിക്കുന്നു”- രാഷ്‌ട്രപതി ദ്രൗപതി മുർമു ട്വീറ്റ് ചെയ്‌തു.

ശരത് യാദവിന്റെ വിയോഗത്തിൽ ദുഖിതനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ”നീണ്ട പൊതുജീവിതത്തിൽ എംപി, മന്ത്രി എന്നീ നിലകളിൽ അദ്ദേഹം വേറിട്ട് നിന്നു. ഡോ. റാം മനോഹർ ലോഹ്യയുടെ ആദർശങ്ങളിൽ അദ്ദേഹം വളരെയധികം പ്രചോദിതനായിരുന്നു. ഞങ്ങൾ തമ്മിലുള്ള ഇടപെടലുകളെ എപ്പോഴും വിലമതിക്കുന്നു”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തു.

സോഷ്യലിസ്‌റ്റ് നേതാവ് എന്നതിനപ്പുറം എളിമയുടെ വ്യക്‌തിയായിരുന്നു ശരത് യാദവ് എന്ന് രാഹുൽ ഗാന്ധി അനുശോചിച്ചു. ”ശരത് യാദവിൽ നിന്ന് ഏറെ കാര്യങ്ങൾ പഠിച്ചിട്ടുണ്ടെന്നും രാജ്യത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടുമെന്നും” രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

സോഷ്യലിസ്‌റ്റ്‌ നേതാവും മുൻകേന്ദ്ര മന്ത്രിയും ആർജെഡി നേതാവുമായ ശരത് യാദവ് ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രി 10.19ന് ആണ് മരിച്ചത്. ഏറെ നാളായി അസുഖബാധിതനായിരുന്നു. അഞ്ചു പതിറ്റാണ്ട് ദേശീയ രാഷ്‌ട്രീയത്തിൽ നിർണായക സ്‌ഥാനം അലങ്കരിച്ച നേതാവാണ് മൺമറിഞ്ഞത്. ഏഴ് തവണ ലോക്‌സഭാംഗവും 4 തവണ രാജ്യസഭാ അംഗവുമായിരുന്ന ശരത് യാദവ് 1989-90, 1999-04 കാലഘട്ടങ്ങളിൽ കേന്ദ്രമന്ത്രിയുമായി.

1989ൽ വിപി സിങ് സർക്കാരിൽ ടെക്‌‌സ്‌റ്റൈൽസ് , ഭക്ഷ്യസംസ്‌കരണ വകുപ്പുകളും 1999ലെ വാജ്‌പേയ് സർക്കാരിൽ വ്യോമസേനാ, തൊഴിൽ, ഭക്ഷ്യ പൊതുവിതരണ ഉപഭോക്‌തൃകാര്യ വകുപ്പും കൈകാര്യം ചെയ്‌തു. 33 വർഷം പാർലമെന്റ് അംഗമായി. മധ്യപ്രദേശിലെ ഹോഷംഗാബാദ് ജില്ലയിലെ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റെയും സുമിത്ര യാദവിന്റെയും മകനായി 1947 ജൂലൈ ഒന്നിനായിരുന്നു ശരത് യാദവിന്റെ ജനനം.

അടിയന്തരാവസ്‌ഥക്ക് എതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണ് രാഷ്‌ട്രീയ പ്രവർത്തനത്തിന് തുടക്കം. സോഷ്യലിസ്‌റ്റ് ആശയങ്ങളിലൂന്നി കോൺഗ്രസ് വിരുദ്ധ രാഷ്‌ട്രീയത്തിലൂടെയാണ് വളർന്നത്. 1988ൽ ജനതാദൾ രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് ജനതാദൾ യുണൈറ്റഡിലെത്തി. പത്ത് വർഷം ജനതാദൾ (യു) ദേശീയ അധ്യക്ഷ പദവി വഹിച്ചു. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 2017ൽ രാജ്യസഭാ അംഗത്വം നഷ്‌ടമായി.

നിതീഷ് കുമാർ ബീഹാറിൽ ബിജെപിയുമായി സഖ്യം ചേർന്നതിൽ പ്രതിഷേധിച്ച് 2018ൽ പാർട്ടി വിട്ടു ലോക്‌താന്ത്രിക് ജനതാദൾ(എൽജെഡി) രൂപീകരിച്ചു. എൽജെഡി കഴിഞ്ഞ വർഷം ലാലു പ്രസാദ് യാദവിന്റെ അർജെഡിയിൽ ലയിച്ചു. മധ്യപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് ലോക്‌സഭയിൽ എത്തിയത്. ബിഹാറിലെ മധേപുരയിൽ നിന്നായിരുന്നു നാല് തവണയും വിജയിച്ചത്.

Most Read: സ്‌ഥാനാർഥിത്വം; നേതാക്കൾ സ്വയം തീരുമാനിക്കുന്നത് അംഗീകരിക്കാനാകില്ല- കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE