വിരുദുനഗർ: തമിഴ്നാട് ശിവകാശിയിൽ പടക്കനിർമാണ ശാലയിൽ നടന്ന പൊട്ടിത്തെറിയിൽ മരണപ്പെട്ടവരുടെ എണ്ണം 12 ആയി. അപകടത്തിൽ പരിക്കേറ്റ 10 പേരുടെ നില അതീവ ഗുരുതരമാണ്. പരുക്കേറ്റവർ ശിവകാശിയിലെ സർക്കാർ ആശുപത്രിയിൽ ചികിൽസയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം അടിയന്തര ധനസഹായം പ്രഖ്യാപിച്ചു
വിരുദുനഗറിൽ പ്രവർത്തിച്ചിരുന്ന പടക്കനിർമാണ ശാലയിൽ ഇന്ന് ഉച്ചയോടെയാണ് വൻ പൊട്ടിത്തെറി നടന്നത്. അപകട സമയം 32 പേരായിരുന്നു സ്‌ഥലത്ത് ഉണ്ടായിരുന്നത്. 8 പേർ സംഭവ സ്‌ഥലത്ത് വെച്ചു തന്നെ മരണപ്പെട്ടിരുന്നു. മരിച്ചവരിൽ ഒരു സ്‍ത്രീയും ഉൾപ്പെടും. ഗുരുതര പരിക്കേറ്റ 10 പേർക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം.
ശിവകാശിയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ ഒഴിഞ്ഞ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർ എത്തി എത്തിപ്പെടാൻ വൈകി. ഒന്നിലധികം സ്‌ഫോടനങ്ങൾ ഉണ്ടായെന്ന് പോലീസ് പറയുന്നു.
പടക്കനിർമ്മാണ ശാലയിൽ നിർമാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്‌ഫോടക വസ്‌തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പൊട്ടിത്തെറിയുടെ ശബ്‌ദം രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാൻ കഴിഞ്ഞുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മരിച്ചവരുടെ മൃതദേഹങ്ങൾ ശിവകാശിയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുക ആണ്.
Read Also: സൈനിക രഹസ്യങ്ങൾ പാകിസ്‌ഥാന് ചോർത്തി; ഡിആർഡിഒ ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം