ന്യൂഡെൽഹി: ഇന്ത്യയുടെ പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡിആർഡിഒ)യുടെ മിസൈൽ രഹസ്യങ്ങൾ പാക് ചാരസംഘടനക്ക് ചോർത്തിയ സംഭവത്തിൽ ഡിആർഡിഒ താൽക്കാലിക ഫോട്ടോഗ്രാഫർക്ക് ജീവപര്യന്തം.
ചാന്ദിപൂരിലെ സംയോജിത മിസൈൽ പരീക്ഷണ ശ്രേണിയുടെ തന്ത്രപ്രധാനമായ ഫോട്ടോകൾ പാകിസ്‌ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി പങ്കിട്ടതിനാണ് താൽക്കാലിക ഫോട്ടോഗ്രാഫർ ഈശ്വർ ബെഹ്‌റയെ ശിക്ഷിച്ചതെന്ന് ഹിന്ദുസ്‌ഥാൻ ടൈംസ് റിപ്പോർട് ചെയ്യുന്നു.
വീഡിയോയും, ചിത്രങ്ങളും എടുക്കുന്നതിനായി ഇയാൾ മിസൈൽ പരീക്ഷണ സൈറ്റുകളുടെ അടുത്തേക്ക് പോയെന്നും പിന്നീട് ക്യാമറ നന്നാക്കാനെന്ന കാരണം പറഞ്ഞ് കൊൽക്കത്തയിലേക്ക് യാത്രകൾ നടത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊൽക്കത്തയിൽ വച്ചാണ് ഇയാൾ വീഡിയോകളും മറ്റ് തന്ത്രപ്രധാന വിവരങ്ങളും ഐഎസ്‌ഐ ഏജന്റുമാർക്ക് കൈമാറിയത്. പത്തിലധികം തവണ ഇത്തരത്തിൽ ഇടപാട് നടന്നതായാണ് സൂചന.
അബുദാബി, മുംബൈ, മീററ്റ്, ആന്ധ്രാപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും കണ്ടെത്തിയിട്ടുണ്ട്. അറസ്‌റ്റ് ചെയ്യപ്പെടുന്നതിന് മുൻപ് ഇന്റലിജൻസ് ബ്യൂറോയുടെ (ഐബി) നിരീക്ഷണത്തിലായിരുന്നു ബെഹ്‌റ. ഇന്ത്യൻ പീനൽ കോഡിലെ 121 എ (ചാരവൃത്തി) 120 ബി, ഔദ്യോഗിക രഹസ്യ നിയമത്തിലെ (ഒഎസ്എ) 3, 4, 5 എന്നീ വകുപ്പുകൾ പ്രകാരമാണ് ബെഹ്‌റയെ കോടതി ശിക്ഷിച്ചത്.
Read Also: സമൂഹ മാദ്ധ്യങ്ങളിലെ ഉള്ളടക്കവുമായി ബന്ധപ്പെട്ട ഹരജി; ട്വിറ്ററിനും കേന്ദ്രത്തിനും നോട്ടീസ്