കൊച്ചി: മഹാരാജാസ് കോളേജിന്റെ പേരിൽ എസ്എഫ്ഐ നേതാവായ കെ വിദ്യ വ്യാജരേഖ തയ്യാറാക്കിയ കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. സൈബർ സെൽ വിദഗ്‌ധരെ കൂടി ഉൾപ്പെടുത്തിയാണ് പുതിയ അന്വേഷണ സംഘം. പുതൂർ, ചെർപ്പുളശേരി സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരും അന്വേഷണ സംഘത്തിലുണ്ട്. കേസിലെ പ്രതിയായ വിദ്യയെ പത്താം ദിവസവും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പോലീസ് നടപടി.
വിദ്യ എത്തിയ കാറിന്റെ നമ്പർ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഇന്ന് ചിറ്റൂർ ഗവ. കോളേജിലെത്തും. അഭിമുഖ പാനലിൽ ഉണ്ടായിരുന്ന ചിറ്റൂർ കോളേജിലെ മലയാളം അധ്യാപിക ശ്രീപ്രിയയുടെ മൊഴി എടുക്കും. വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ അന്വേഷണ സംഘത്തിന്റെ നിലപാട് 16ന് അറിയിക്കും. 20ന് ആണ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുക.
മഹാരാജാസ് കോളേജിൽ 2018 മുതൽ 2021 വരെ താൽക്കാലിക അധ്യാപികയായിരുന്നു എന്ന വ്യാജരേഖയാണ് വിദ്യ താൽക്കാലിക അധ്യാപക നിയമനത്തിനായി ഹാജരാക്കിയത്. മഹാരാജാസ് കോളേജ് പ്രിൻസിപ്പലിന്റെ ഒപ്പും സീലും ഉൾപ്പെടുത്തി ഉണ്ടാക്കിയ ഈ സർട്ടിഫിക്കറ്റിന്റെ പകർപ്പാണ് പാലക്കാട് അട്ടപ്പാടി ഗവ. കോളേജിലെ താൽക്കാലിക അധ്യാപക നിയമനത്തിന് ഹാജരാക്കിയത്. സംശയം തോന്നിയ അധ്യാപകർ മഹാരാജാസ് കോളേജിൽ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്താകുന്നത്.
Most Read: സംസ്‌ഥാനത്ത് വാഹനങ്ങളുടെ വേഗപരിധി പുതുക്കി; ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ