ടാറ്റ ഗ്രൂപ്പിന്റെ ആദ്യ ‘കോവിഡ് ആശുപത്രി’ കാസര്‍കോട് പൂര്‍ത്തിയാകുന്നു

By Desk Reporter, Malabar News
kerala covid hospital_2020 Aug 14
Ajwa Travels

കാസർകോട്: സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി കാസർകോട് ജില്ലയിലെ ചട്ടഞ്ചാൽ പുതിയവളപ്പിൽ ഒരാഴ്ച്ചക്കകം പൂർത്തിയാകും. അഞ്ച് ഏക്കർ സ്ഥലത്ത് 541 കിടക്കകളുള്ള ആശുപത്രിയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ടാറ്റ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് കാസർകോട് കോവിഡ് ആശുപത്രി ഒരുക്കിയത്. നിർമ്മാണം അവസാനഘട്ടത്തിലാണെന്നും സർക്കാരിന് കൈമാറാൻ ഒരുക്കമാണെന്നും ടാറ്റ ഗ്രൂപ്പ് ജില്ലാ ഭരണകൂടത്തെ അറിയിച്ചു.

പ്രീഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് 60 കോടി രൂപ ചെലവിൽ 128 യൂണിറ്റുകളായാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. ഏപ്രിൽ 11 നാണ് ആശുപത്രിയുടെ നിർമ്മാണം ആരംഭിച്ചത്. 124 ദിവസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി. കോവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടത്തിൽ ജില്ലയിലെ രോഗികളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ജില്ലയിലെ ചികിത്സ പരിമിതികൾ ചർച്ചയായപ്പോഴാണ് ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്ത കോവിഡ് ആശുപത്രിയ്ക്ക് കാസർകോട് അനുമതി ലഭിച്ചത്. ആശുപത്രിയുടെ നിർമ്മാണം പൂർത്തിയാക്കി കൈമാറുന്നത് വരെയാണ് ടാറ്റായുടെ ഉത്തരവാദിത്വം. കട്ടിലുകളിൽ കിടക്കകൾ സ്ഥാപിക്കുന്നത് മുതൽ ജീവനക്കാരെ നിയമിക്കുന്നതും, രോഗികളുടെ പരിപാലനവും, മറ്റെല്ലാ സംവിധാനങ്ങൾ ഒരുക്കേണ്ടതും സർക്കാരിന്റെ ഉത്തരവാദിത്വമാണ്.

അൻപതോളം മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ച് രണ്ടാഴ്ചയോളം തുടർച്ചായി ജോലി ചെയ്താണ് ആശുപത്രിയ്ക്ക് വേണ്ട ഭൂമി നിരപ്പാക്കിയത്. ജില്ലയിലെ മണ്ണുമാന്തി യന്ത്രങ്ങളുടെ ഉടമസ്ഥരും സംഘടനയും കരാറുകാരും ഭൂമി നിരപ്പാക്കുന്നതിനായി വാഹനങ്ങൾ സൗജന്യമായി വിട്ടുനൽകുകയായിരുന്നു. 51200 ചതുരശ്ര അടി വിസ്തീർണ്ണത്തിലാണ് ആശുപത്രി ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 30 വർഷം വരെ കേടുപാടില്ലാതെ ഉപയോഗിക്കാൻ സാധിക്കും. അറ്റകുറ്റപ്പണികൾ കൃത്യമായി നിർവഹിച്ചാൽ 50 വർഷം വരെ ഉപയോഗിക്കാം.

10 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള കണ്ടെയ്നറിനു സമാനമായ 128 യൂണിറ്റുകളാണ് ഉള്ളത്. ഓരോ യൂണിറ്റിലും നിരീക്ഷണത്തിൽ കഴിയുന്നവർക്ക് 5 കട്ടിൽ, രോഗം സ്ഥിരീകരിച്ചവർക്ക് 3 കട്ടിൽ എന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വയോധികർക്ക് ആയി ഒരു കട്ടിൽ ഉള്ള യൂണിറ്റുകളും ഉണ്ട്. രണ്ട് എസി, 5 ഫാൻ, പ്രത്യേകം ശുചിമുറികൾ, വായു ശുദ്ധീകരിച്ചു പുറത്തേക്ക് വിടുന്ന ഡക്ട് എസി എന്നിവയും ഓരോ യൂണിറ്റിലും ക്രമീകരിച്ചിട്ടുണ്ട്. ചണ്ഡിഗഢ്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, ഹൗറ തുടങ്ങിയ ടാറ്റായുടെ വിവിധ പ്ലാന്റുകളിൽ നിർമ്മിച്ച യൂണിറ്റുകൾ ചട്ടഞ്ചാലിൽ എത്തിച്ച് കോൺക്രീറ്റ് തറയിൽ ഉറപ്പിച്ചാണ് ആശുപത്രി നിർമ്മിച്ചിരിക്കുന്നത്. മംഗളൂരുവിൽ കരാർ അടിസ്ഥാനത്തിലും യൂണിറ്റുകൾ നിർമ്മിച്ചിട്ടുണ്ട്. ചൂട് കുറയ്ക്കുന്നതിന് സഹായിക്കുന്ന രീതിയിൽ രണ്ട് സ്റ്റീൽ പാളികൾക്കിടയിൽ തെർമോക്കോൾ നിറച്ചാണ്‌ യൂണിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE