തിരുവനന്തപുരം: പീഡന ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്ന സംഭവത്തില്‍ ഡിജിപിക്കും പരാതി നൽകി അതിജീവത. ദൃശ്യങ്ങൾ ചോർന്നതിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് ആക്രമിക്കപ്പെട്ട നടി ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.
നേരത്തെ ഇതേവിഷയത്തിൽ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും നടി കത്തയച്ചിരുന്നു. ഇതിനുപുറമേ സുപ്രീംകോടതി ചീഫ് ജസ്‌റ്റിസ്, ഹൈക്കോടതി ചീഫ് ജസ്‌റ്റിസ്, കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍മാര്‍, കേന്ദ്ര-സംസ്‌ഥാന വനിതാ കമ്മീഷന്‍ എന്നിവര്‍ക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്.
താന്‍ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ എറണാകുളം സെഷന്‍സ് കോടതിയില്‍നിന്ന് ചോര്‍ന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്, ഇതില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. വിദേശത്തുള്ള ചില ആളുകളിലേക്ക് ദൃശ്യങ്ങള്‍ എത്തിയതായും വാര്‍ത്തകളുണ്ട്. ഇത് ഞെട്ടിക്കുന്നതാണെന്നും തന്റെ സ്വകാര്യതയെ ഹനിക്കുന്നതാണെന്നും കോടതിയില്‍ നിന്ന് നീതി പ്രതീക്ഷിച്ചിരിക്കുന്ന വ്യക്‌തിയാണ് താനെന്നും കത്തില്‍ പറഞ്ഞിരുന്നു.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. 2019 ഡിസംബര്‍ 20നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതായി വിചാരണ കോടതിയില്‍ സ്‌ഥിരീകരിച്ചത്. സംസ്‌ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്‌ഥിരീകരിച്ചത്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായും നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്.
Most Read: ആസൂത്രണം സിനിമാ സ്‌റ്റൈലിൽ; ദിലീപ് കേസിൽ ശബ്‌ദരേഖ പുറത്തുവിട്ട് ബാലചന്ദ്രകുമാർ