തിരുവനന്തപുരം: സംസ്‌ഥാനത്ത് ഫ്‌ളെക്‌സ് ബോർഡുകൾ സ്‌ഥാപിക്കുന്നതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. വിധികൾ ഒരുപാട് ഉണ്ടെങ്കിലും വഴിനീളെ ഫ്‌ളെക്‌സ് ബോർഡുകൾ വെച്ചിരിക്കുകയാണെന്നും ദൈവം രക്ഷിക്കട്ടെയെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ പരിഹാസരൂപേണ പറഞ്ഞു. കേരള സർവകലാശാല നിയമ വിഭാഗം സംഘടിപ്പിച്ച ഭരണഘടനാ ദിനാചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ റോഡുകളെയും ജസ്‌റ്റിസ് പരോക്ഷമായി വിമർശിച്ചു. തിരുവനന്തപുരത്തേക്ക് വന്നത് വിമാനത്തിലാണെന്നും റോഡിലൂടെ യാത്ര ചെയ്യാൻ സാധിക്കാത്തതിന്റെ കാരണം എല്ലാവർക്കും അറിയാമല്ലോ എന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന പാലിക്കുക, അതിൽ പറയുന്ന പൗരൻമാരുടെ കടമകൾ നിറവേറ്റുക എന്നിവയാണ് എല്ലാവരും ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ മിക്ക വിവാദങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണം ഭരണഘടന കൃത്യമായി പാലിക്കാത്തതാണ്. എല്ലാവർക്കും ഭരണഘടന നൽകുന്ന അവകാശങ്ങളെ പറ്റി അറിയാം. അവകാശങ്ങളെ പറ്റി പറയുമ്പോഴും കടമകൾ ആരും ഓർക്കുന്നില്ല. ജനങ്ങൾ ഭരണഘടന പാലിക്കുന്നില്ലെങ്കിൽ അത് എത്ര കരുത്തുറ്റതായാലും പരാജയപ്പെടുമെന്നും അംബേദ്‌കറെ ഉദ്ദരിച്ച് ജസ്‌റ്റിസ് പറഞ്ഞു.
ഭരണഘടനാ പഠനം ഒന്നാം ക്‌ളാസ് മുതൽ പാഠഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
Also Read: ട്രാക്‌ടർ റാലി മാറ്റി; ഡിസംബർ നാല് വരെ മറ്റ് സമര പരിപാടികൾ ഇല്ലെന്ന് കർഷക സംഘടനകൾ