തിരുവനന്തപുരം: ലോക സിനിമാക്കാഴ്‌ചകളുടെ ഉൽസവത്തിന് നാളെ തിരശീല വീഴും. എട്ടു രാപ്പകലുകൾ നീണ്ട ഐഎഫ്എഫ്‌കെയിൽ അന്താരാഷ്‌ട്ര മേളകളിൽ നിരവധി പുരസ്‌കാരങ്ങൾ നേടിയ ചിത്രങ്ങൾ ഉൾപ്പടെ 173 സിനിമകളാണ് പ്രദർശിപ്പിച്ചത്.
മേളയുടെ സമാപന സമ്മേളനം നാളെ വൈകീട്ട് 5.45ന് നിശാഗന്ധിയിൽ മന്ത്രി കെഎൻ ബാലഗോപാൽ ഉൽഘാടനം ചെയ്യും. ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖി മുഖ്യാതിഥിയാകുന്ന ചടങ്ങിൽ എഴുത്തുകാരൻ ടി പത്‌മനാഭൻ വിശിഷ്‌ടാതിഥിയാകും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സഹകരണ മന്ത്രി വിഎൻ വാസവൻ മാദ്ധ്യമ അവാർഡുകൾ വിതരണം ചെയ്യും.
മേളയിൽ സുവർണ ചകോരം നേടിയ ചിത്രം പ്രദർശിപ്പിക്കും. അഡ്വ വികെ പ്രശാന്ത് എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ, ജൂറി ചെയർമാൻ ഗിരീഷ് കാസറവള്ളി, നെറ്റ്പാക് ജൂറി ചെയർപേഴ്സൺ രശ്‌മി ദൊരൈസ്വാമി, ഫിപ്രസ്‌കി ജൂറി ചെയർമാൻ അശോക് റാണെ, കെആർ മോഹനൻ എൻഡോവ്മെന്റ് ജൂറി ചെയർമാൻ അമൃത് ഗാംഗർ, സാംസ്‌കാരിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്‌ജിത്, സെക്രട്ടറി സി അജോയ്, വൈസ് ചെയർമാൻ പ്രേംകുമാർ, ആർട്ടിസ്‍റ്റിക് ഡയറക്‌ടർ ബീനാപോൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
വൈകീട്ട് മധുശ്രീ നാരായണൻ, രാജലക്ഷ്‌മി എന്നിവരുടെ ഫ്യൂഷൻ സംഗീത സന്ധ്യയോടെയാണ് സമാപന ചടങ്ങുകൾ ആരംഭിക്കുന്നത്.
ചലച്ചിത്ര മേളയ്‌ക്ക് കൂടുതൽ മിഴിവേകി ടാഗോർ തിയേറ്ററിലും നിശാഗന്ധിയിലും സായാഹ്‌നങ്ങളിൽ അരങ്ങേറിയ വിവിധ സാംസ്‌കാരിക പരിപാടികളിൽ ആയിരങ്ങളാണ് പങ്കുചേർന്നത്. മേളയിലെത്തുന്ന ഡെലിഗേറ്റുകൾക്ക് സംവിധായകരുമായി സംവദിക്കുന്നതിനായി ‘മീറ്റ് ദ ഡയറക്‌ടര്‍, ഇൻ കോൺവർസേഷൻ, ഓപ്പൺ ഫോറം തുടങ്ങിയ പരിപാടികളും നടന്നു.
അതേസമയം സമാപന ദിവസമായ നാളെ ദിന അമീർ സംവിധാനം ചെയ്‌ത ഫ്രഞ്ച് ചിത്രം ‘യൂ റിസെമ്പിള്‍ മീ, ലെറ്റ് ഇറ്റ് ബി മോർണിങ്’, മൗനിയ അക്ൽ സംവിധാനം ചെയ്‌ത ‘കോസ്‌റ്റ ബ്രാവ, ലെബനൻ’ എന്നീ മൽസര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമ വിഭാഗത്തില്‍ ‘ദ ടെയിൽ ഓഫ് കിങ് ക്രാബ്, ഔർ റിവർ ഔർ സ്‌കൈ, ദ ഗ്രേവ് ഡിഗേഴ്‌സ് വൈഫ്, വെദർ ദി വെതർ ഈസ് ഫൈൻ’ എന്നീ ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ‘നായാട്ട്, ബനേർഘട്ട’, അടൽ കൃഷ്‌ണന്‍ സംവിധാനം ചെയ്‌ത ‘വുമൺ വിത്ത് എ മുവീ ക്യാമറ’ എന്നീ മലയാള ചിത്രങ്ങളും, ‘ഡക് ഡക്, ദി വണ്ടർലെസ് അബു’ തുടങ്ങിയവയും അവസാന ദിനത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.
Most Read: ഐപിഎൽ; ചെന്നൈ സൂപ്പർ കിംഗ്‌സ് നായക സ്‌ഥാനം ഒഴിഞ്ഞ് ധോണി