ലോകക്രിക്കറ്റിന്റെ നെറുകയിലെത്തിയ ഇന്ത്യ; രണ്ടാം ലോകകപ്പ് വിജയത്തിന് ഇന്ന് പത്താണ്ട്

By Nidhin Sathi, Official Reporter
  • Follow author on
indian-cricket team
Ajwa Travels

മുംബൈ: 2011 ഏപ്രിൽ 2 രാത്രി മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയം കലുഷിതമായിരുന്നു. ലോകകപ്പ് ഫൈനൽ മൽസരത്തിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടുന്നു. സ്‌റ്റേഡിയത്തിൽ ഉള്ളതിന്റെ എത്രയോ ഇരട്ടി കാണികൾ ലോകമെമ്പാടും ടെലിവിഷന് മുൻപിൽ നിലയുറപ്പിച്ചിരുന്ന സമയം. ശ്രീലങ്കക്കെതിരെ ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് തുടങ്ങിയത് തകർച്ചയോടെ ആയിരുന്നു.

അതുവരെ മികച്ച രീതിയിൽ കളിച്ചു കൊണ്ടിരുന്ന സച്ചിനും, സെവാഗും പോയതോടെ കാണികൾ നഖം കടിക്കാൻ തുടങ്ങി. മലിംഗയുടെ പന്തുകൾ തീയുണ്ടകളായി പതിച്ചു. താരതമ്യേന പുതുമുഖമായ വിരാട് കോഹ്‌ലി ക്രീസിൽ എത്തിയതോടെ ആധി ഇരട്ടിയായി. ശ്രീലങ്കൻ കാണികൾ ആഘോഷം തുടങ്ങിയിരുന്നു. കോഹ്‌ലിയും, ഗംഭീറും പതിയെ റൺ നിരക്ക് ഉയർത്താൻ തുടങ്ങിയതോടെ ഇന്ത്യക്ക് തിരിച്ചു വരവിനുള്ള സാധ്യതകൾ കണ്ടുതുടങ്ങി.

ഗംഭീറിന്റെ മനസാന്നിധ്യം എത്രത്തോളം ഉണ്ടെന്ന് ഇന്ത്യയിലെ ക്രിക്കറ്റ് പണ്ഡിതരും കാണികളും ഒരുപോലെ തിരിച്ചറിഞ്ഞ മൽസരമായിരുന്നു അത്. കോഹ്‌ലി പുറത്തായപ്പോഴും പിടിച്ചു നിന്ന ഗംഭീർ ഇന്ത്യയെ തോളിലേറ്റി. യുവരാജ് ഇറങ്ങുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ സ്‌ക്രീനിൽ ധോണിയുടെ ചിത്രമാണ് ഉയർന്ന് വന്നത്. പലരും നെറ്റിചുളിച്ചു, കമന്റേറ്റർമാർ പോലും അൽഭുതപ്പെട്ടു.

റാഞ്ചിയിൽ നിന്നുള്ള ആ ഏഴാം നമ്പറുകാരൻ ബാറ്റുമായി ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ മുഖത്ത് തെല്ലും ഭയമുണ്ടായിരുന്നില്ല. ഒരു ജനതയുടെ, രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയും സ്വന്തം കൈപ്പിടിയിലൊതുക്കി അയാൾ തന്റെ ഇന്നിംഗ്‌സ് ബിൽഡ് ചെയ്‌തു തുടങ്ങി. മോശം പന്തുകളെ തിരഞ്ഞുപിടിച്ച് ആക്രമിച്ചും, പ്രതിരോധം തീർത്തും അയാൾ മുന്നോട്ട് പോയി.

More Cricket News: പന്ത് ഭാവിയിൽ ഇന്ത്യൻ ക്യാപ്റ്റനായാലും അൽഭുതപ്പെടാനില്ല; മുഹമ്മദ് അസ്ഹറുദ്ദീൻ

ഇതിനിടയിൽ ഗംഭീർ വീണു. അനാവശ്യ ഷോട്ടിന് ശ്രമിച്ച ക്ളീൻ ബൗൾഡായി ഗംഭീർ മടങ്ങുമ്പോഴും ഇന്ത്യ പൂർണമായും വിജയം ഉറപ്പിച്ചിരുന്നില്ല. പകരം എത്തിയത് യുവരാജ് സിംഗ്. കളിച്ച മൽസരങ്ങളിൽ എല്ലാം മാച്ച് വിന്നറുടെ കർത്തവ്യം നിറവേറ്റിയ ഉശിരൻ ചെറുപ്പക്കാരൻ. ഇരുവരും പ്രതീക്ഷ കാത്തു. 49ആമത്തെ ഓവർ പന്തെറിയാൻ എത്തിയത് നുവാൻ കുലശേഖര.

ആദ്യപന്തിൽ അൽഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. രണ്ടാം പന്ത് ധോണിയുടെ ബ്ളോക്ക് ഹോൾ ലക്ഷ്യമാക്കിയാണ് കുലശേഖര എറിഞ്ഞത്. കരങ്ങൾക്ക് ഇരുമ്പിന്റെ ശക്‌തിയുള്ള ക്യാപ്റ്റൻ പന്തിനെ ഗാലറിയിലേക്ക് പായിച്ചു. ബാറ്റ് രണ്ട് വട്ടം വായുവിൽ കറക്കി ക്യാപ്റ്റൻ കൂൾ ഷോട്ട് ആസ്വദിച്ചു, വിജയത്തെയും. കമന്ററി പറഞ്ഞിരുന്ന രവി ശാസ്‌ത്രിയുടെ കണ്‌ഠമിടറി, എങ്ങനെയോ പറഞ്ഞൊപ്പിച്ചു ‘ ധോണി ഫിനിഷസ് ഓഫ് ഇൻ സ്‌റ്റൈൽ, എ മാഗ്‌നിഫെസൻറ് സ്ട്രൈക്ക് ഇൻറ്റു ദി ക്രൗഡ്, ഇന്ത്യ ലിഫ്‌റ്റ്സ് ദി വേൾഡ് കപ്പ് ആഫ്റ്റർ 28 ഇയേഴ്‌സ്‘.

കാണികളിൽ ചിലർ കരഞ്ഞു, ഇന്ത്യയുടെ ദേശീയ പതാകകൾ അങ്ങോളം ഇങ്ങോളം പാറിക്കളിച്ചു. മുംബൈ നഗരത്തിന് മാത്രമല്ല, ഇന്ത്യക്ക് മുഴുവൻ അന്ന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. പത്ത് വർഷങ്ങൾക്ക് ഇപ്പുറം ഇന്ത്യൻ ക്രിക്കറ്റ് ഒരുപാട് വളർന്നു കഴിഞ്ഞു. ലോകക്രിക്കറ്റിലെ ഏറ്റവും വലിയ ശക്‌തികളിൽ ഒന്നായി ഇന്നും നിലകൊള്ളുന്നു. അതിന് ഊർജം പകർന്ന 2011ലെ ലോകകപ്പ് നേട്ടം എക്കാലത്തും ഓർമിക്കപ്പെടും, അത്രമേൽ മനോഹരമായിരുന്നു ആ കാഴ്‌ച.

Read Also: ഇനി ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ കാണാം ആമസോണ്‍ പ്രൈമിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE