രോഗബാധ രൂക്ഷം; കണ്ണൂരിൽ പ്രതിരോധ നടപടികൾ കർശനമാക്കും

By News Desk, Malabar News
strengthens covid preventive measures
Representational Image
Ajwa Travels

കണ്ണൂർ: ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിനപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികള്‍ കര്‍ശനമാക്കും. ഒപ്പം ഡാറ്റാ എന്‍ട്രി സംവിധാനം കാര്യക്ഷമമാക്കാനും ജില്ലാ കൊവിഡ് നോഡല്‍ ഓഫീസര്‍ എസ് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാതല കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ആരോഗ്യവകുപ്പിന് ലഭിക്കുന്ന വിവരങ്ങള്‍ ഉടനടി ജാഗ്രതാ പോര്‍ട്ടലില്‍ ലഭ്യമാക്കാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ നിർദ്ദേശിച്ചു. ആരോഗ്യ വിഭാഗത്തിന് ലഭിക്കുന്ന ഡാറ്റ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് ആദ്യത്തെ നടപടി. പോസിറ്റീവായവര്‍ ചികിൽസക്ക് ശേഷം നെഗറ്റീവാണെങ്കില്‍ പോര്‍ട്ടലില്‍ നിന്ന് ഒഴിവാക്കി ഡാറ്റാ സംവിധാനം കുറ്റമറ്റതാക്കണം.

കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിവരങ്ങള്‍ക്കനുസരിച്ച് മാപ്പിങ് നടത്തി മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകള്‍ പ്രഖ്യാപിക്കും. രോഗബാധിതരുടെ കണക്കനുസരിച്ച് സെക്‌ടറൽ മജിസ്‌ട്രേറ്റുമാരുടെ എണ്ണം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. സെക്‌ടറൽ മജിസ്ട്രേറ്റുമാരെ പുനക്രമീകരിച്ച് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്‌തിപ്പെടുത്തുകയാണ് ലക്ഷ്യം. ആരോഗ്യം, പോലീസ് , റവന്യൂ വകുപ്പുകള്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്നും യോഗത്തില്‍ പ്രത്യേകം നിർദ്ദേശിച്ചു.

റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളുടെ (ആര്‍ആര്‍ടി) പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം. ഇതിനായുള്ള പരിശീലനം മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കും.ആര്‍ആര്‍ടികളെ സഹായിക്കുന്നതിന് വാർഡുതല കമ്മിറ്റികളെ നിയമിക്കുമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ യോഗത്തില്‍ അറിയിച്ചു.

4 പേര്‍ അടങ്ങിയ കമ്മിറ്റിയില്‍ വാര്‍ഡ് അംഗം, എഡിഎസ് പ്രതിനിധി, ആശാ വര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍, ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ, ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്‌പെക്‌ടർ , അധ്യാപകര്‍, പോലീസ്, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുണ്ടാകും. രോഗബാധിതരുടെ എണ്ണമേറുകയാമെങ്കില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.

ആറളം, കൂത്തുപറമ്പ്, തളിപ്പറമ്പ്, പേരാവൂര്‍ എന്നിവിടങ്ങളിലെ പട്ടികവർഗ കോളനികളില്‍ 57 പോസിറ്റീവ് കേസുകളാണ് നിലവിലുള്ളത്. ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിര്‍ദ്ദേശം നല്‍കി. രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍ കോവിഡ് ചികിൽസക്കായി സ്വകാര്യ ആശുപത്രികളുടെ സഹകരണം ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് യോഗത്തില്‍ അറിയിച്ചു.

Also Read: കേരളത്തിൽ വർഗീയ ഭിന്നത സൃഷ്‌ടിക്കാൻ യുഡിഎഫ് ശ്രമം; എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE