കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി കല്ലിടാനെത്തിയ ഉദ്യോഗസ്‌ഥരെ കണ്ണൂരിൽ വീണ്ടും തടഞ്ഞു. കണ്ണൂർ ജില്ലയിലെ താനയിലാണ് നാട്ടുകാരും കെ റെയിൽ വിരുദ്ധ സമരസമിതിയും പ്രതിഷേധവുമായി എത്തി ഉദ്യോഗസ്‌ഥരെ തടഞ്ഞത്. കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പ്രതിഷേധത്തെ തുടർന്ന് നാട്ടുകാരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കി. ഒരു കാരണവശാലും കല്ലിടാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഇതിനിടയിൽ പ്രതിഷേധത്തിന് എത്തിയ സ്‌ത്രീയെ ഉദ്യോഗസ്‌ഥ അപമാനിച്ചെന്ന പരാതിയും ഉയർന്നിരുന്നു. ഇവർ മാപ്പ് പറയണമെന്ന് ആവശ്യം ഉയർത്തി പ്രദേശത്ത് വീണ്ടും പ്രതിഷേധം ഉണ്ടായി. തുടർന്ന് പോലീസ് ഇടപെട്ടതോടെ പ്രതിഷേധം ഉന്തിലും തള്ളിലും കയ്യാങ്കളിയിലും അവസാനിക്കുകയായിരുന്നു.
സിൽവർ ലൈൻ പദ്ധതിക്കെതിരെ കണ്ണൂരിൽ ഉൾപ്പടെ വിവിധ ജില്ലകളിൽ പ്രതിഷേധം ശക്‌തമാണ്. നാട്ടുകാരുടെയും സമരസമിതികളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികൾ തുടരുകയാണ്. എറണാകുളത്ത് കെ റെയിലിനെതിരെ വീടുകൾ കയറിയുള്ള പ്രചാരണമാണ് നിലവിൽ നടക്കുന്നത്. അധികൃതർ കല്ലിടാൻ വരുമ്പോൾ എതിർക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരസമിതി വീടുകൾ കയറിയിറങ്ങുന്നത്. രാവിലെ ആറര മുതൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പ്രചാരണം.
Most Read: അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക മഴയ്‌ക്ക് സാധ്യത