തൃശൂർ: കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്‌തി ബാധ്യതകള്‍ തിട്ടപ്പെടുത്താന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള പണത്തിന്റെ കണക്ക് ഉൾപ്പെടെ ഈ സമിതി വിലയിരുത്തും. പിരിച്ചെടുക്കാനുള്ള കടം കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനും സമിതിയെ ചുമതലപ്പെടുത്തി.
സഹകരണ രജിസ്ട്രാറിന്റെ മേല്‍നോട്ടത്തില്‍ ഉള്ള മൂന്നംഗ സമിതിയായിരിക്കും പ്രവര്‍ത്തിക്കുക. തട്ടിപ്പ് കേസില്‍ പ്രതികളായവരുടെ ആസ്‌തി വിലയിരുത്തുന്നതിനും, അതു കൈവിട്ട് പോകാതിരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സഹകരണ മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. സഹകരണ വകുപ്പിന്റെ പൊതുവായ അവലോകന യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
അതേസമയം, കേസിലെ മുഖ്യപ്രതികളിൽ ഒരാൾ കൂടി പിടിയിലായി. അഞ്ചാം പ്രതി ബിജോയ് ആണ് അറസ്‌റ്റിലായത്. ഗുരുവായൂരിൽ നിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്ന ഹരജിയിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്‌ഥാന സർക്കാർ സമയം തേടി.
Read Also: ആർഎസ്എസിന്റെ അൽപത്തരം; വാരിയംകുന്നന്റെ പേര് നീക്കുന്നതിൽ ഐസക്