കൊച്ചി: സംസ്‌ഥാന സ്‌കൂൾ കായികമേളയിലെ മൽസര ദിനങ്ങൾക്ക് ആവേശകരമായ തുടക്കം. ഇതിനകം പൂർത്തിയായ ഗെയിംസ് മൽസരങ്ങളുടെ മികവിൽ തിരുവനന്തപുരം ജില്ലയാണ് പോയിന്റ് നിലയിൽ മുന്നിൽ. ഗെയിംസ് ഇനങ്ങളിൽ 280 മൽസരങ്ങൾ പൂർത്തിയായപ്പോൾ 687 പോയിന്റുമായി തിരുവനന്തപുരമാണ് മുന്നിൽ നിൽക്കുന്നത്.
79 സ്വർണവും 62 വെള്ളിയും 66 വെങ്കലവുമാണ് ജില്ല നേടിയത്. 40 സ്വർണവും 27 വെള്ളിയും 40 വെങ്കലവുമായി 373 പോയിന്റോടെ തൃശൂർ രണ്ടാം സ്‌ഥാനത്തും 41 സ്വർണവും 27 വെള്ളിയും 40 വെങ്കലവുമായി 349 പോയിന്റോടെ കണ്ണൂർ ജില്ലാ മൂന്നാം സ്‌ഥാനത്തുമാണ്. 19 സ്വർണം, 36 വെള്ളി, 49 വെങ്കലം സഹിതം 301 പോയിന്റുമായി പാലക്കാട് ജില്ലയാണ് നാലാമത്.
മലപ്പുറം ജില്ലാ അഞ്ചാം സ്‌ഥാനത്തും എറണാകുളം ആറാം സ്‌ഥാനത്തും കോഴിക്കോട് ഏഴാം സ്‌ഥാനത്തും ഉണ്ട്. സ്‌കൂളുകളിൽ 73 പോയിന്റുമായി തിരുവനന്തപുരം സെന്റ് ജോസഫ് എച്ച്‌എസ്‌എസ് ആണ് മുന്നിൽ. 52 പോയിന്റുമായി വട്ടിയൂർക്കാവ് ഗവ. വിഎച്ച്‌എസ്‌എസ് രണ്ടാം സ്‌ഥാനത്തും 43 പോയിന്റുമായി കോട്ടൺഹിൽ ഗവ.ഗേൾസ് എച്ച്‌എസ്‌എസ് മൂന്നാം സ്‌ഥാനത്തുമാണ്.
അക്വാട്ടിക്‌സ്, ഗെയിംസ് മൽസരയിനങ്ങളാണ് ആദ്യദിനം നടന്നത്. അക്വാട്ടിക്‌സിൽ 24 മൽസരങ്ങളും ഗെയിംസിൽ 28 മൽസരങ്ങളും പൂർത്തിയായി. കായികമേളയുടെ ആവേശമായ അത്‌ലറ്റിക്‌സ് മൽസരങ്ങൾക്ക് നാളെ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമാകും. സവിശേഷ പരിഗണന അർഹിക്കുന്നവർക്കായുള്ള മൽസരയിനങ്ങളും പൂർത്തിയായി.
കോതമംഗലം എംഎ കോളേജിൽ നടന്ന 400 മീറ്റർ ഫ്രീസ്‌റ്റൈയിലിലാണ് മേളയിലെ ആദ്യ റെക്കോർഡ് പിറന്നത്. തിരുവനന്തപുരം എംവിഎച്ച്‌എസ്‌എസിലെ മോൻഗം തീർഥു സാംദേവാണ് ഒളിമ്പിക്‌സ് മാതൃകയിൽ നടത്തുന്ന ആദ്യ സ്‌കൂൾ കായികമേളയുടെ ചരിത്ര തീരത്തേക്ക് നീന്തിക്കയറിയത്.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!