ഇനിയില്ല ആ നടന വൈഭവം; ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി വിടവാങ്ങി

By Staff Reporter, Malabar News
national image_malabar news
സൗമിത്ര ചാറ്റർജി

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസായിരുന്നു. വാര്‍ദ്ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികില്‍സയിലായിരുന്നു.

കോവിഡ് ബാധയെ തുടര്‍ന്ന് ഒക്‌ടോബര്‍ ആറിനാണ് സൗമിത്ര ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ആരോഗ്യനില വഷളാകുകയും അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്‌തു. പിന്നീട് കോവിഡ് നെഗറ്റീവ് ആയെങ്കിലും ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വൈകാതെ വീണ്ടും അദ്ദേഹത്തിന്റെ നില വഷളാകുകയായിരുന്നു.

അഞ്ചു പതിറ്റാണ്ടിലേറെയായി ബംഗാളി സാംസ്‌കാരിക ജീവിതത്തിന്റെ തന്നെ പ്രധാന ബിംബങ്ങളില്‍ ഒന്നായിരുന്നു സൗമിത്ര ചാറ്റര്‍ജി. സത്യജിത് റേയുടെ സിനിമകളില്‍ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹത്തെ പത്‌മഭൂഷണും(2004) രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ചിരുന്നു. കൂടാതെ ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും സൗമിത്രക്ക് ലഭിച്ചിട്ടുണ്ട്.

സത്യജിത് റേയുടെ വിഖ്യാത ചിത്രമായ അപുര്‍ സന്‍സാറിലൂടെ 1959ലാണ് സൗമിത്ര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് റേയുടെ 15 സിനിമകളുടെ ഭാഗമായി അദ്ദേഹം. മൃണാള്‍ സെന്‍, തപന്‍ സിന്‍ഹ, അസിത് സെന്‍, അജോയ് കര്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയവരുടെ ചിത്രങ്ങളിലും അദ്ദേഹം കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി.

കല്‍ക്കത്തയുടെ പ്രാന്തപ്രദേശമായ മിര്‍സാപുരിലാണ് സൗമിത്രയുടെ ജനനം. തനതായ നാടക സംസ്‌കാരമുണ്ടായിരുന്ന, നാടകകൃത്ത് ദ്വിജേന്ദ്രലാല്‍ റേയുടെ പട്ടണമായ നദിയ ജില്ലയിലെ കൃഷ്‌ണനഗറില്‍ ആയിരുന്നു പത്തു വയസ്സു വരെ അദ്ദേഹം വളര്‍ന്നത്. ആ അന്തരീക്ഷം സൗമിത്രയുടെ കലാജീവിതത്തില്‍ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.

Read Also: 88 ലക്ഷം കടന്ന് രോഗബാധിതര്‍; രാജ്യത്ത് 24 മണിക്കൂറിൽ 41,100 കോവിഡ് കേസുകൾ

ഹൗറ സില്ല സ്‌കൂളിലും കൊല്‍ക്കത്ത സിറ്റി കോളേജിലും കൊല്‍ക്കത്ത സര്‍വകലാശാലയിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സൗമിത്ര പഠനകാലത്തു തന്നെ പ്രമുഖ ബംഗാളി നാടക നടനും സംവിധായകനുമായ അഹീന്ദ്ര ചൗധരിയില്‍നിന്ന് അഭിനയപാഠങ്ങള്‍ പഠിച്ചു. നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഓള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായും വര്‍ത്തിച്ചിരുന്നു. ആ കാലഘട്ടത്തിലായിരുന്നു സത്യജിത് റേയുടെ ചലചിത്ര ലോകത്തേക്കുള്ള സൗമിത്രയുടെ കടന്നു വരവ്.

റേയുടെ വിശ്രുത നായകന്‍ എന്ന് പേരും സൗമിത്രക്ക് സ്വന്തം. സ്വഭാവിക അഭിനയത്തിലൂടെ ബംഗാളി ചലചിത്രത്തിന്റെ ചാരുത വിരിയിച്ച അദ്ദേഹം തന്റെ ശക്തമായ നിലപാടുകളിലൂടെയും എന്നും വ്യത്യസ്‌തനായിരുന്നു. ദീപ ചാറ്റര്‍ജിയാണ് അദ്ദേഹത്തിന്റെ ഭാര്യ. മക്കള്‍: പൗലാമി ബോസ്, സൗഗത ചാറ്റര്‍ജി.

Read Also: ‘2021 ഇതിലും മോശകരമാകും’; ലോകത്തിന് മുന്നറിയിപ്പുമായി യുഎന്‍ ഭക്ഷ്യ ഏജന്‍സി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE