കൊച്ചി: മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റില്‍ നിന്നും വീട്ടുജോലിക്കാരി വീണ് മരിച്ച സംഭവത്തില്‍ ഫ്ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഫ്‌ളാറ്റ് ഉടമ ഇംതിയാസ് അഹമ്മദ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുക.
ഈമാസം 5നാണ് മറൈന്‍ഡ്രൈവിലെ ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്നു താഴേക്കു വീണ് തമിഴ്നാട് കുഡലൂര്‍ പെണ്ണടം സോഴര്‍ നഗറില്‍ കുമാരിക്ക് ഗുരുതരമായി പരുക്കേറ്റത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ 12ന് അര്‍ധ രാത്രിയോടെ ഇവര്‍ മരണപ്പെട്ടു.
അഡ്വാന്‍സ് ആയി വാങ്ങിയ പതിനായിരം രൂപ മടക്കി നല്‍കാത്തതിന്റെ പേരില്‍ കുമാരിയെ ഇംതിയാസ് ഫ്‌ളാറ്റില്‍ തടഞ്ഞുവച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അതേസമയം വീട്ടുജോലിക്കാരിയെ തടഞ്ഞുവച്ചിട്ടില്ലെന്നാണ് ഇംതിയാസിന്റെ വാദം.
മാത്രവുമല്ല കേസില്‍ നിന്ന് പിന്‍മാറിയാല്‍ പണം നല്‍കാമെന്ന് ഫ്‌ളാറ്റ് ഉടമയുടെ ബന്ധുക്കള്‍ വാഗ്‌ദാനം ചെയ്‌തിരുന്നതായി കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ അന്യായമായി തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍, മനുഷ്യജീവന് അപകടകരമായ ഉപദ്രവം, മനുഷ്യക്കടത്ത് എന്നീ വകുപ്പുകളാണ് പോലീസ് ചുമത്തിയിരിക്കുന്നത്.
Read Also: ശിവശങ്കറിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ഇഡി നടപടി ആരംഭിച്ചു