‘മിഷൻ സി’ നാളെ തിയേറ്ററിൽ; സംവിധായകൻ പ്രേക്ഷകരോട് സംസാരിക്കുന്നു

'മിഷൻ സി കാണികളെ എൻഗേജ് ചെയ്യിപ്പിക്കും എന്നാണ് പ്രിവ്യുകണ്ട ജോഷി സാറും പത്‌മകുമാർ, അജയ്‌വാസുദേവ് തുടങ്ങിയവരും അഭിപ്രായപ്പെട്ടത്. പക്ഷെ, പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സിനിമ വിപണിയിൽ വിജയമാണെന്ന് പറയാൻ കഴിയു. അവരുടെ തിയേറ്റർ അഭിപ്രയം അറിയാനുള്ള കാത്തിരിപ്പിലാണ്' - വിനോദ് ഗുരുവായുർ പറഞ്ഞു.

By Guest  Reporter , Malabar News
'Mission C' in tomorrow; The director Vinod Guruvayoor speaks
Ajwa Travels

മിഷൻ സി നാളെ നവംബർ 5ന് 100ഓളം തിയേറ്ററുകളിൽ റിലീസ് ആവുകയാണ്. സിനിമയുടെ സംവിധായകൻ വിനോദ് ഗുരുവായൂർ മിഷൻ സിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്ക് ഈ അവസരത്തിൽ മറുപടി പറയുന്നു; ടൈറ്റിൽ പ്രഖ്യാപനം മുതൽ ശ്രദ്ധയാകർഷിച്ച മിഷൻ സി നാളെ റിലീസാകുമ്പോൾ എന്താണ് സംവിധായകനെന്ന നിലയിൽ ഈ അവസാന നിമിഷം പറയാനുള്ളത്?’

മറ്റൊന്നുമില്ല., ചിത്രം എല്ലാവരും തിയേറ്ററിൽ കാണണം. ഈ സിനിമ നൽകുന്ന തിയേറ്റർ എക്‌സ്‌പീരിയൻസ് വേറെയാണ്. കണ്ട ശേഷം എല്ലാവരും അഭിപ്രായം അറിയിക്കണം.

ഈ സാധാരണ മറുപടിക്കപ്പുറം എന്തെങ്കിലും?

എനിക്ക് അത്രയല്ലേ പറയാൻ കഴിയൂ. കാരണം, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്ത് അവകാശവാദം പറഞ്ഞിട്ടെന്ത് കാര്യം?

അല്ല, ടൈറ്റിൽ പ്രഖ്യാപനത്തിൽ ആരംഭിച്ച വാർത്താശ്രദ്ധ അത്ര വലുതായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെയൊരു അഭിമുഖം തന്നെ വേണ്ടിവരുന്നത്.

വാർത്താശ്രദ്ധ ഉണ്ടാകാൻ പലകാരണങ്ങൾ ഉണ്ട്. ടൈറ്റിലിലെ സൈനിക സ്വഭാവം ഒരു കാരണമായിരുന്നു. ഈ സിനിമയിൽ സൈനികരുണ്ട്. പക്ഷെ ഇതൊരു സൈനിക സിനിമയല്ല. പോലീസും സൈന്യവും ഉൾപ്പടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരു കുറ്റകൃത്യത്തെ പിന്തുടർന്ന്, ആ കുറ്റകൃത്യത്തിൽ ഇരയാകുന്ന മനുഷ്യരെ രക്ഷിക്കുന്നു. ഇതാണ് സിനിമ. അത് കൊണ്ടാണ് മിഷൻ സി എന്ന പേരു വന്നത്.

Director Joshiy with Vinod Guruvayoor
വിനോദ് ഗുരുവായൂർ സംവിധായകൻ ജോഷിക്കൊപ്പം

മിഷൻ മനസിലായി. എന്താണ് ‘സി’

Chasing എന്നതിലെ ആദ്യാക്ഷരമായ ‘സി’യാണ് മിഷൻ സിയിലെ ‘സി’. Mission C യുടെ ടൈറ്റിൽ ടാഗ്Chasing Beyond Limits എന്നാണ്. അതായത് ‘പരിധിക്കപ്പുറമുള്ള പിന്തുടരൽ’. ഇത് സിനിമ കാണുമ്പോൾ നമുക്ക് മനസിലാകും.

ഇതുമാത്രമല്ലല്ലോ വാർത്താ പ്രാധാന്യത്തിനുള്ള കാരണം?

അല്ല, കൈലാഷിന്റെ ഒരു പോസ്‌റ്റർ റിലീസ് ചെയ്‌തപ്പോഴും വാർത്താശ്രദ്ധ ഉണ്ടായിരുന്നു. അത് ചിലകോണുകളിൽ നിന്നുണ്ടായ അനാവശ്യ വിവാദമായിരുന്നു. പക്ഷെ ഇത് സിനിമയെ കൂടുതൽ ശ്രദ്ധേയമാക്കി എന്നതാണ് വാസ്‌തവം.

'Mission C' in tomorrow; The director Vinod Guruvayoor speaks
ചിത്രീകരണ സംഘത്തിനൊപ്പം വിനോദ് ഗുരുവായൂർ

വിവാദത്തിനുള്ള അടിസ്‌ഥാനം എന്തായിരുന്നു?

ഒരു കാര്യവുമില്ലാത്ത വിവാദമായിരുന്നു അത്. കൈലാഷ് മെഷീൻഗൺ പിടിച്ചുനിൽക്കുന്ന ഒരുപോസ്‌റ്ററായിരുന്നു അത്. അതിലെ തോക്ക് പിടിച്ചത് ശരിയായില്ല. തലയിൽ കെട്ട് ശരിയായില്ല എന്നൊക്കെയുള്ള ട്രോളായിരുന്നു.

ആരെയെങ്കിലും പരിഹസിച്ചും കളിയാക്കിയും ട്രോളുകളിറക്കി അതിലൂടെ സംതൃപതിയും വരുമാനവും നേടി ജീവിക്കുന്ന ഒരു ചെറിയ വിഭാഗം എല്ലാ കാലത്തും എല്ലായിടത്തും ഉണ്ടല്ലോ..അത് ഉണ്ടാക്കുന്നവരും ആസ്വദിക്കുന്നവരും ഉൾപെടുന്ന ചെറിയ വിഭാഗവും സമൂഹത്തിന്റെ ഭാഗമാണ്. അതിനെ അങ്ങനെ കണ്ടാൽ മതി. അതും കൂടി ചേരുന്നതാണല്ലോ സമൂഹം.

ആ വിവാദം എങ്ങനെ അവസാനിച്ചു?

തനിയെ അവസാനിച്ചു. അത് അങ്ങനെയാണല്ലോ. പിന്നെ വിവാദം തുടങ്ങിയ ഉടനെ ഞാൻ പ്രതികരിച്ചു. ഒരു നടനോട് ഇങ്ങനെ പെരുമാറുന്നത് ശരിയല്ല എന്നത് ഞാൻ സമൂഹത്തോട് വ്യക്‌തമാക്കി. സ്വാഭാവികമായും മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയിലെ ബഹുപൂരിപക്ഷം ആളുകളും കൈലാഷിനും എനിക്കും പിന്തുണ നൽകി രംഗത്ത് വന്നു. ഒപ്പം സിനിമാ മേഖലയും പിന്തുണനൽകി. അതോടെ വിവാദം ഇല്ലാതായി.

'Mission C' in tomorrow; The director Vinod Guruvayoor speaks
‘മിഷൻ സി’ ചിത്രീകരണ വേളയിൽ വിനോദ് ഗുരുവായൂർ

ശരിക്കും പറഞ്ഞാൽ വിവാദം ഉൽപാദിപ്പിക്കുന്നവർ ‘മിഷൻ സി’ക്കു ഗുണം ചെയ്‌തു?

അതെ എന്നതാണ് വാസ്‌തവം. പിന്നെ ചിത്രീകരണ സമയത്തുണ്ടായ അപകട സാധ്യത സ്വാഭാവികമായും വാർത്തയായി. അങ്ങനെ പലതും ഞങ്ങളറിയാതെ സംഭവിച്ചു. അതൊക്കെ സിനിമക്ക് സ്വാഭാവിക ശ്രദ്ധ നൽകിയിട്ടുണ്ട്. പിന്നെ സിനിമയിലെ 25ലധികം പുതുമുഖങ്ങളുടെ സഹകരണവും ശ്രദ്ധേയമായി.

മിഷൻ സി ട്രെയ്‌ലർ കണ്ടാൽ അതൊരു ‘എൻഡ് ടു എൻഡ്’ ത്രില്ലർ ആണെന്നാണ് കമ്മ്യുണിക്കേറ്റ് ചെയ്യുന്നത്. അത്രമാത്രം ത്രില്ലുണ്ടോ?

അത് തീരുമാനിക്കേണ്ടത് പ്രേക്ഷകരാണ്. നാളെ സിനിമകണ്ട് നിങ്ങൾക്കും തീരുമാനിക്കാം. പ്രിവ്യുകണ്ടവർ പറയുന്നത് ഇതൊരു സമ്പൂർണ ത്രില്ലർ സിനിമയാണ് എന്നാണ്. അപ്പാനിയും കൈലാഷും മേജർ രവിയും ഉൾപ്പടെ ഇതിലെ എല്ലാ അഭിനേതാക്കൾക്കും ഇതേ അഭിപ്രായമാണ്. വിനോദ സഞ്ചാരത്തിന് എത്തുന്ന കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ഒരു ബസിനുള്ളിൽ നടക്കുന്ന കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന സംഘർഷ ഭരിതമായ സംഭവങ്ങളുമാണ് സിനിമയുടെ അടിത്തറ. അത് ത്രില്ലറായി ചെയ്യാൻ കഴിഞ്ഞിട്ടുണ്ട് എന്നാണ് വിശ്വാസം. (ട്രെയ്‌ലർ ഇവിടെ കാണാം)

രണ്ട് തവണ പ്രിവ്യു ചെയ്‌ത സിനിമയാണല്ലോ മിഷൻ സി. ജോഷി ഉൾപ്പടെയുള്ളവർ അഭിനന്ദിച്ച സിനിമയുമാണ്. ഒരു സംവിധായകൻ എന്ന നിലയിൽ ഈ അവസാന നിമിഷം എന്താണ് താങ്കളുടെ സിനിമയെകുറിച്ച് അഭിപ്രായം?

നേരെത്തെ പറഞ്ഞല്ലോ, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അഭിനന്ദനങ്ങൾ കൊണ്ട് മൂടിയാലും പ്രേക്ഷകരുടെ ആസ്വാദനത്തിന് ശേഷമുള്ള അഭിപ്രായമാണ് സിനിമയുടെ വിജയ പരാജയങ്ങൾ നിശ്‌ചയിക്കുന്നത്. അത് നാളെ മാത്രമേ പറയാൻ സാധിക്കു.

അപ്പോൾ താങ്കൾക്ക് വിജയ പ്രതീക്ഷയില്ലേ?

അതുണ്ടാകുമല്ലോ. അത് സ്വാഭാവികമാണ്. എല്ലാവർക്കും അവരവരുടെ കുഞ്ഞു വലുതാണല്ലോ. പക്ഷെ, പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിച്ചാൽ മാത്രമേ സിനിമ വിജയമാണ് എന്ന് പറയാൻ കഴിയു.

കോവിഡ് കാലത്തിലെ നിരവധി തടസങ്ങളും പ്രതിസന്ധികളും നിരോധനങ്ങളുടെ പരിമിതികളും മുന്നിൽവച്ച് ചെയ്‌ത സിനിമയാണ്. പരിമിതികളുടെ ഉളളിൽ നിന്നാണെങ്കിലും പരമാവധി നന്നായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. ഒന്നര മണിക്കൂർ സിനിമയാണിത്. പ്രേക്ഷകരെ അങ്ങേയറ്റം തൃപ്‌തിപ്പെടുത്തും എന്നാണ് വിശ്വാസം.

കാണികളെ എൻഗേജ് ചെയ്യിപ്പിക്കും എന്നാണ് മലയാളത്തിലെ സംവിധായക മഹാരഥനായ ജോഷി സാറും ജനപ്രിയ സംവിധായകരായ പത്‌മകുമാർ, അജയ്‌വാസുദേവ് തുടങ്ങിയ പ്രമുഖർ അഭിപ്രായപ്പെട്ടത്. പ്രിവ്യു കാണാനുണ്ടായ മിക്കവരും വിജയപ്രതീക്ഷ പങ്കുവെച്ചിട്ടുണ്ട്. പക്ഷെ അപ്പോഴും പ്രേക്ഷകരുടെ വിധിയെഴുത്താണ് സിനിമയുടെ വിധി നിർണയിക്കുന്നത്. അതറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ.

'Mission C' in tomorrow; The director Vinod Guruvayoor speaks
സംവിധായകൻ ജോഷിക്കൊപ്പം

ഒരു ത്രില്ലർ സിനിമക്ക് വേണ്ട സാങ്കേതിക പൂർണത ഉറപ്പിക്കാമോ?

ഉറപ്പായും. ക്യാമറ സുശാന്ത് ശ്രീനിയാണ് ചെയ്യുന്നത്. ഗംഭീരമാക്കിയിട്ടുണ്ട്. വളരെ ചെറുപ്പക്കാരനായ ഇദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര ഛായാഗ്രഹണമാണ് ഈ സിനിമയിൽ. അത് റിസ്‌ക് എടുത്ത് മനോഹരമാക്കിയിട്ടുണ്ട്. അതുപോലെ എഡിറ്ററായ റിയാസ് കെ ബദർ ‘മിഷൻ സി’ മനോഹരമായി എഡിറ്റ് ചെയ്‌തിട്ടുണ്ട്‌. സാകേതികരംഗത്തും പിന്നണിയിലുമുള്ള എല്ലാവരും അവരവരുടെ ജോലികൾ ഭംഗിയായി നിർവഹിച്ച സിനിമകൂടിയാണിത്. ആ ഗുണവും സിനിമക്ക് ഉണ്ടാകും എന്നാണ് ഞാൻ മനസിലാക്കുന്നത്. പ്രേക്ഷകർ അവരുടെ ഭാഗം നാളെ മുതൽ പറയട്ടെ.

നായികാ നായകൻമാർ ആരൊക്കെയാണ് ?

അപ്പാനി ശരത്, കൈലാഷ്, മേജർ രവി, ജയകൃഷ്‌ണൻ, ബാലാജി ശര്‍മ്മ, മീനാക്ഷിദിനേശ്, ആര്യൻ, സൽമാൻ തുടങ്ങി നിരവധിപേർ അഭിനയിക്കുന്നുണ്ട്. കേന്ദ്ര കഥാപാത്രങ്ങൾ എന്ന് പറയാവുന്നത് അപ്പാനി ശരത്, കൈലാഷ്, മീനാക്ഷിദിനേശ് എന്നിവരാണ്. ഇവർ മൂന്നുപേരും അവരവരുടെ ഭാഗം ഗംഭീരമായി ചെയ്‌തിട്ടുണ്ട്‌. ചെറിയ വേഷങ്ങൾ ചെയ്‌തവർ ഉൾപ്പടെ എല്ലാ അഭിനേതാക്കളും മോശമല്ലാത്ത പ്രകടനം തന്നിട്ടുണ്ട് മിഷൻ സിക്ക് എന്നാണ് ഞാൻ മനസിലാക്കുന്നത്. ബാക്കി പ്രേക്ഷകർ പറയട്ടെ.

'Mission C' in tomorrow; The director Vinod Guruvayoor speaks
അപ്പാനി ശരത്തിനും കൈലാഷിനുമൊപ്പം വിനോദ് ഗുരുവായൂർ

ഗാനങ്ങൾ വലിയ രീതിയിൽ ഹിറ്റാണല്ലോ ?

അതെ, മനോരമ മ്യൂസിക്‌സാണ് ഗാനങ്ങൾ റിലീസ് ചെയ്‌തത്‌. അവർക്കാണ് ഗാനങ്ങളുടെ അവകാശവും. ഇതിലെ നിഖിൽ മാത്യു ആലപിച്ച പരസ്‌പരം ഇനിയൊന്നും എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബിൽ മാത്രം 14 ലക്ഷത്തോളം ആളുകൾ കേട്ടുകഴിഞ്ഞു. അതൊരു അനുഗ്രഹമാണ്. ഈ ഗാനം കാണുന്നവർ എല്ലാവരും പറയുന്നുണ്ട് ഇതിന്റെ രചന, സംഗീതം, ആലാപനം, ചിത്രികരണം എല്ലാം ഗംഭീരമായി എന്ന്. ഇനി പ്രേക്ഷകർ തീരുമാനിക്കട്ടെ (ഗാനം ഇവിടെ കേൾക്കാം)

നെഞ്ചിലേഴുനിറമായി എന്ന് തുടങ്ങുന്ന ഗാനവും ഹിറ്റായിരുന്നു. വല്ലാത്തൊരു ആകർഷണവും നൊമ്പരവും പ്രദാനം ചെയ്യുന്ന ഗാനം ട്രെൻഡിങ് ലിസ്‌റ്റിൽ കയറിയിരുന്നു. വിജയ് യേശുദാസ് ആലപിച്ച ഈ ഗാനംകേട്ട അനേകംപേർ എന്നെ വിളിച്ചിരുന്നു. അവരൊക്കെ നല്ല അഭിപ്രായമാണ് പറയുന്നത്.

കൗതുകമുള്ള കാര്യം, രണ്ടു ഗാനങ്ങളുടെയും രചന നിർവഹിച്ചത് സുനിൽ ജി ചെറുകടവ് എന്ന ഇടുക്കിയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥനാണ്. പരസ്‌പരം എന്നുതുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്റെ സംഗീതം നിർവഹിച്ചതും ഇടുക്കിയിലെ തന്നെ മറ്റൊരു പോലീസ് ഓഫീസറായ ഹണി എച്ച് എൽ ആണ്! (ഗാനം ഇവിടെ കേൾക്കാം)

സിനിമയിലെ പുതുമുഖങ്ങൾ ആരൊക്കെയാണ്? എന്താണ് അഭിപ്രായം?

നേരെത്തെ പറഞ്ഞല്ലോ 25 ലധികം പേർ പുതുമുഖങ്ങളാണ്. പിന്നണിയിലും മുന്നണിയിലും പുതുമുഖങ്ങൾ ഉണ്ട്. എല്ലാവരും ശ്രദ്ധിക്കപ്പെടണം എന്നാണ് ഒരു സംവിധായകൻ എന്ന നിലയിൽ എന്റെ ആഗ്രഹം. സിനിമ ചിത്രീകരണം കഴിഞ്ഞു എഡിറ്റിങ് ടേബിളിൽ വരുമ്പോഴാണ് ചിലത് വേണ്ടിയിരുന്നില്ല, അല്ലങ്കിൽ ഇത്രയും വേണ്ട, ഈ രംഗം കുറച്ചുകൂടി വലുതാക്കാമായിരുന്നു എന്നൊക്കെ നമുക്ക് വീണ്ടുവിചാരം ഉണ്ടാകുന്നത്. അത് മിഷൻ സിക്കും ബാധകമാണ്. എഡിറ്റിങ്ങിൽ സിനിമ ഒന്നര മണിക്കൂറിലേക്ക് ചെറുതായെങ്കിലും അഭിനയിച്ചവർ ആരും മോശമല്ല എന്നാണ് എനിക്ക് തോന്നിയത്.

വിദ്യാർഥികളുടെ വേഷം ചെയ്‌തവരിൽ സൽമാനും ആര്യനും എടുത്തു പറയേണ്ടവരാണ്.ഇവർ രണ്ടുപേരും സിനിമാലോകത്തിന് മുതൽ കൂട്ടാകും എന്നാണ് പ്രതീക്ഷ; വിനോദ് ഗുരുവായൂർ പറഞ്ഞവസാനിപ്പിച്ചു.

Most Read: ശ്‌മശാനങ്ങൾക്ക് വേണ്ടിയല്ല, ബിജെപി പൊതുപണം ചെലവാക്കുന്നത് ക്ഷേത്രങ്ങൾക്ക് വേണ്ടി; യോഗി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE