ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റാനുളള നീക്കം എതിര്‍ക്കും; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവത്തില്‍ മേയറെയും സിപിഎം നേതാക്കളെയും രക്ഷിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി.

By Central Desk, Malabar News
Opposition Leader on Change Kerala Governor
Ajwa Travels

കൊച്ചി: സുപ്രീം കോടതി വിധിയെ മറികടക്കാനാണ് ധൃതിപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും ചാന്‍സലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ലെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

സര്‍വകലാശാലകളെ കമ്മ്യൂണിസ്‌റ്റ് വൽക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്‌ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സലറെ മാറ്റല്‍. ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സിപിഎം എകെജി സെന്ററില്‍ ഇരുന്ന് വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്ന സ്‌ഥിതിയുണ്ടാകും, – വിഡി സതീശൻ ആരോപിച്ചു.

ബംഗാളില്‍ ചെയ്‌തത്‌ പോലെ കമ്മ്യൂണിസ്‌റ്റ് പാശ്‌ചാത്തലമുള്ളവരെ വിസിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചൂണ്ടിക്കാട്ടുന്നു. ഗവര്‍ണര്‍ സംഘപരിവാറുകാരെ വിസിമാരായി നിയമിക്കുമെന്ന ഭയം പോലെ സര്‍ക്കാരും കമ്മ്യൂണിസ്‌റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്, -സതീശൻ പറഞ്ഞു.

ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് പറഞ്ഞ് ഗവര്‍ണര്‍ മൂന്ന് തവണ സര്‍ക്കാരിന് കത്തെഴുതി. അപ്പോഴൊക്കെ അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി കത്തെഴുതി. ഞാന്‍ പറയുന്നത് പോലെ കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നാലാമതും കത്തയച്ചു. ഇതനുസരിച്ച് ഗവര്‍ണര്‍ പറഞ്ഞത് പോലെ സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അങ്ങ് ചാന്‍സലറായി തുടരണമെന്നും പറഞ്ഞ് മറുപടിക്കത്ത് എഴുതി, – വിഡി സതീശൻ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ നാലാമത്തെ കത്ത് കണ്ടാല്‍ കേരളം അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരും. എങ്ങനെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍ തന്നെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ടെന്തിനാണ് സര്‍വകലാശാലാ ഭേദഗതി നിയമം നിയമസഭയില്‍ കൊണ്ടുവന്നത്? ഇപ്പോള്‍ ചാന്‍സലറെ മാറ്റാന്‍ തീരുമാനിച്ചത്? ഗവര്‍ണറും സര്‍ക്കാരും കൂടിയാണ് എല്ലാ നിയനങ്ങളും നടത്തിയത്. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാരുമാണ്. പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങളാണ് സുപ്രീം കോടതിയും വ്യക്‌തമാക്കിയത്. ഗവര്‍ണര്‍ക്ക് നാല് കത്തുകളെഴുതിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരുന്നത്, – പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

തിരുവനന്തപുരം കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവത്തില്‍ പ്രധാനപ്പെട്ട സിപിഎം നേതാക്കളാണ് പ്രതികളാകാന്‍ പോകുന്നത്. മേയറെയും സിപിഎം നേതാക്കളെയും രക്ഷിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണം. മേയറുടെ ലെറ്റര്‍പാഡും ഒപ്പും മേയറും പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയും അയച്ച കത്തുകളും പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം ഇരുവരും സമ്മതിച്ചിട്ടുമുണ്ട്. കത്ത് അയക്കുകയും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും ജനങ്ങളെ പരിഹസിക്കാനാണ് കത്ത് ഇല്ലെന്ന നിലപാട് എടുത്തിരിക്കുന്നത്. പാര്‍ട്ടി തന്നെ അന്വേഷിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയാണ് സംസ്‌ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Most Read: കോയമ്പത്തൂർ സ്‌ഫോടനം: ജമേഷ മുബീന്റെ ബധിരയും മൂകയുമായ ഭാര്യക്ക് പങ്കില്ല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE