കൊൽക്കത്ത: നന്ദിഗ്രാം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി നൽകിയ ഹരജി പരിഗണിക്കുന്നത് കൊൽക്കത്ത ഹൈക്കോടതി നവംബർ 15ലേക്ക് മാറ്റി. ഈ വർഷമാദ്യം നടന്ന സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ചരിത്ര വിജയം നേടിയിരുന്നു.
എന്നാൽ അധികാരം നിലനിർത്തിയിട്ടും നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. ഈ തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്‌താണ് മമത കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം, സുവേന്ദു അധികാരി കേസിൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം മമതയുടെ മുൻ അനുയായിയും, നിലവിലെ ബിജെപി നേതാവുമായ സുവേന്ദു അധികാരി നന്ദിഗ്രാം മണ്ഡലത്തിൽ നടന്ന കടുത്ത പോരാട്ടത്തിൽ മമതാ ബാനർജിയെ 1,965 വോട്ടിന് പരാജയപ്പെടുത്തി എന്നതാണ് അന്തിമഫലം.
എന്നാൽ മമത നൽകിയ ഹരജിയുടെ അടിസ്‌ഥാനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബന്ധപ്പെട്ട രേഖകളും, വിവരങ്ങളും സമർപ്പിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഇന്ന് കേസ് പരിഗണിച്ച ജസ്‌റ്റിസ് ശംപ സർക്കാരിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നവംബർ 15ലേക്ക് മാറ്റി വയ്‌ക്കുകയായിരുന്നു.
Read Also: എഞ്ചിനീയറിംഗ് പ്രവേശനം; പ്ളസ് ടു മാര്‍ക്ക് പരിഗണിക്കുന്നത് തുടരും