വെല്ലിംഗ്‌ടൺ: ന്യൂസിലൻഡ് ബാറ്റിംഗ് ഇതിഹാസം റോസ് ടെയ്‌ലര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ബംഗ്ളാദേശിനെതിരായ ടെസ്‌റ്റ് പരമ്പരയും ഓസ്ട്രേലിയ, നെതർലൻഡ്‌സ് ടീമുകൾക്ക് എതിരെയുള്ള ഏകദിന പരമ്പരയിലും കളിച്ച ശേഷമാവും ടെയ്‌ലര്‍ പാഡഴിക്കുക. 17 വർഷത്തെ കരിയറിൽ നൽകിയ പിന്തുണയ്‌ക്ക് എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് റോസ് ടെയ്‌ലർ ട്വീറ്റ് ചെയ്‌തു.
37കാരനായ റോസ് ടെയ്‌ലർ 110 ടെസ്‌റ്റിലും 233 ഏകദിനങ്ങളിലും 102 ടി-20യിലും കളിച്ചിട്ടുണ്ട്. ടെസ്‌റ്റിലും ഏകദിനത്തിലും ന്യൂസിലൻഡിന്റെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനാണ് റോസ് ടെയ്‌ലർ. ടെസ്‌റ്റില്‍ 19 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സഹിതം 7585 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 290 ആണ് ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ 21 ശതകങ്ങള്‍ ഉള്‍പ്പടെ 8576 റണ്‍സും രാജ്യാന്തര ടി-20യില്‍ ഏഴ് അര്‍ധ സെഞ്ചുറികളോടെ 1909 റണ്‍സും പേരിലാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിലെ വിവിധ സീസണുകളിലായി ബാംഗ്‌ളൂർ റോയൽ ചലഞ്ചേഴ്‌സ്, രാജസ്‌ഥാൻ റോയൽസ്, ഡെൽഹി ഡെയർഡെവിൾസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിരുന്നു. ഐപിഎല്ലിൽ 55 മൽസരങ്ങളില്‍ നിന്നായി 1017 റണ്‍സും നേടിയിട്ടുണ്ട്.
Read Also: കാട്ടാനകളെ രക്ഷിക്കാൻ അലാറാം; ഇനിമുതൽ തേനീച്ചയുടെ മുഴക്കവും കടുവയുടെ അലർച്ചയും