ന്യൂഡെൽഹി: ഹിജാബ് നിരോധനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്‍ (ഒഐസി). ഇന്ത്യയിൽ മുസ്‌ലീങ്ങൾക്കെതിരെ നിരന്തര ആക്രമണങ്ങൾ നടക്കുകയാണെന്ന് ഒഐസി ചൂണ്ടിക്കാട്ടി. നിലവിലെ വിവാദങ്ങളിൽ ആശങ്കയുണ്ടെന്നും മുസ്‌ലീങ്ങള്‍ക്ക് എതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് എതിരെയും ഇന്ത്യയില്‍ ആക്രമണം നടക്കുകയാനിന്നാണ് ഒഐസിയുടെ ആരോപണം.
ഉത്തരാഖണ്ഡില്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടന്ന വിദ്വേഷ പ്രചരണം, കര്‍ണാടകയിലെ ഹിജാബ് വിവാദം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രസ്‌താവന. വിഷയത്തിൽ ഐക്യരാഷ്‌ട്ര സംഘടനയുടെ ഇടപെടലും ഒഐസി ആവശ്യപ്പെട്ടു.
എന്നാൽ, ഒഐസിയുടെ പ്രസ്‌താവനയെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം രൂക്ഷമായി വിമർശിച്ചു. ഒഐസി സെക്രട്ടറിയേറ്റിന്റെ വര്‍ഗീയ ചിന്താഗതിയാണ് ഇത്തരമൊരു പ്രസ്‌താവനക്ക് കാരണമെന്നും ഇന്ത്യ പ്രതികരിച്ചു. ഒഐസി സെക്രട്ടറിയേറ്റിന്റെ വര്‍ഗീയ ചിന്താഗതി യാഥാർഥ്യങ്ങളെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ അനുവദിക്കുന്നില്ല. ഇന്ത്യക്കെതിരായ പ്രചാരണം വര്‍ധിപ്പിക്കുന്നതിന് ഒഐസി നിക്ഷിപ്‌ത താല്‍പര്യങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുന്നത് തുടരുകയാണ്.
തല്‍ഫലമായി അവര്‍ സ്വന്തം പേരിന് ദോഷം ചെയ്യുകയാണ്. ഇന്ത്യയുടെ വിഷയങ്ങള്‍ ഭരണഘടനാ ചട്ടങ്ങള്‍ക്കനുസരിച്ച് ജനാധിപത്യപരവുമായി തീര്‍പ്പാക്കുമെന്നും കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ പ്രസ്‌താവനയിൽ പറയുന്നു. 57 മുസ്‌ലിം രാജ്യങ്ങള്‍ അംഗങ്ങളായ ഒഐസിയുടെ ആസ്‌ഥാനം സൗദിയിലാണ്. പാകിസ്‌ഥാനും ഒഐസിയില്‍ അംഗമാണ്.
അതേസമയം, ഹിജാബ് നിരോധനത്തിനെതിരെ വിവിധ കോളേജ് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയിൽ വാദം തുടരുകയാണ്. സ്‌കൂൾ യൂണിഫോമിന് അനിയോജ്യമായി ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്നാണ് നിലവിൽ ഹരജിക്കാരുടെ ആവശ്യം.
മതപരമായ ഒരു വസ്‌ത്രവും ധരിക്കരുതെന്ന് വെള്ളിയാഴ്‌ച ഹരജി പരിഗണിക്കവേ കോടതി വ്യക്‌തമാക്കിയിരുന്നു. വിദ്യാലയങ്ങൾ തുറക്കാൻ കോടതി നിർദ്ദേശിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ ഹൈസ്‌കൂൾ ക്‌ളാസുകൾ പുനരാരംഭിക്കുകയും ചെയ്‌തു. പ്രതിഷേധം തുടരുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിദ്യാർഥികൾ. ശിവമൊഗ്ഗയിലെ പബ്‌ളിക് സ്‌കൂളിൽ ഹിജാബ് നീക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് 3 ഹൈസ്‌കൂൾ വിദ്യാർഥിനികൾ മോഡൽ പരീക്ഷ എഴുതാതെ മടങ്ങിയിരുന്നു.
Also Read: കാപ്പക്‌സിൽ കോടികളുടെ അഴിമതി; രണ്ടാം തവണവും എംഡി രാജേഷിന് സസ്‌പെൻഷൻ