റിയാദ്: സൗദി അറേബ്യയുടെ മുഖച്ഛായ അടിമുടി മാറുന്ന വമ്പൻ പ്രഖ്യാപനവുമായി വ്യവസായ വാണിജ്യ മന്ത്രാലയം. വ്യാപാരികൾക്കും വ്യവസായികൾക്കും സൗദിയിൽ എവിടെയും ഏത് ബിസിനസ് നടത്താനും ഒരൊറ്റ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (സിആർ) മതിയെന്നാണ് പുതിയ പ്രഖ്യാപനം.
നിലവിൽ ഓരോ പ്രവിശ്യക്കും ഓരോ ലൈസൻസ് ആവശ്യമായിരുന്നു. വിവിധ പ്രവിശ്യകളെ കേന്ദ്രീകരിച്ച് എടുത്ത എല്ലാ ഉപ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളും കാൻസൽ ചെയ്യാനോ അല്ലെങ്കിൽ ഉടമസ്‌ഥാവകാശം മാറ്റാനോ ഉടമകൾക്ക് അഞ്ച് വർഷത്തെ സാവകാശം മന്ത്രാലയം അനുവദിച്ചു. സൗദിയിലെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്‌ഥാപനങ്ങൾ തുറക്കണമെങ്കിൽ വാണിജ്യ മന്ത്രാലയത്തിൽ നിന്ന് പ്രത്യേക രജിസ്‌ട്രേഷൻ ആവശ്യമായിരുന്നു.
ഇതുകാരണം ഒരേ പേരിലുള്ള സ്‌ഥാപനത്തിന് വിവിധ കൊമേഴ്സ്യൽ റജിസ്ട്രേഷനുകൾ എടുക്കേണ്ടതുണ്ടായിരുന്നു. ഇനിമുതൽ ലഭിക്കുന്ന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകളിൽ സൗദി അറേബ്യ എന്ന് മാത്രമേ രേഖപ്പെടുത്തൂ. നഗരങ്ങളുടെയോ പ്രവിശ്യകളുടെയോ പേരുകൾ ഉണ്ടാവില്ല. നിലവിലെ മാസ്‌റ്റർ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നിലനിർത്തി. മറ്റു ബ്രാഞ്ച് രജിസ്‌ട്രേഷനുകൾ കാൻസൽ ചെയ്യണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രത്യേക ബിസിനസിന് പ്രത്യേക രജിസ്‌ട്രേഷൻ എന്ന നിബന്ധനയും പിൻവലിച്ചിട്ടുണ്ട്. ഇതുവരെ അഞ്ചുവർഷം വരെ പണം നൽകി പുതുക്കാവുന്ന കൊമേഴ്സ്യൽ രജിസ്‌ട്രേഷനാണ് ഉണ്ടായിരുന്നത്. പുതിയ കൊമേഴ്സ്യൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് പ്രത്യേക കാലാവധി ഇല്ലെന്നതാണ് മറ്റൊരു പ്രത്യേകത. പകരം എല്ലാ വർഷവും വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്‌താൽ മാത്രം മതി.
Most Read| കേരളത്തിൽ എംപോക്‌സ് സ്‌ഥിരീകരിച്ചു; രോഗം മലപ്പുറം സ്വദേശിക്ക്- ജാഗ്രത