പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്‌നാട് വനംവകുപ്പും റെയിൽവേയും തമ്മിൽ തർക്കം. സംഭവത്തിൽ തമിഴ്‌നാട് വനംവകുപ്പ് അനധികൃത പരിശോധന നടത്തിയെന്നും, ട്രെയിനിനുള്ളിൽ കയറിയ ഉദ്യോഗസ്‌ഥർ വേഗനിയന്ത്രണ ചിപ്പ് കൈക്കലാക്കിയതായും വിവരമുണ്ട്. ഇതേ തുടർന്ന് വിവരങ്ങൾ ശേഖരിക്കാൻ എത്തിയ തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിൽ തടഞ്ഞുവെച്ചിരിക്കുകയാണ്.
തമിഴ്‌നാട്ടിൽ നിന്ന് പാലക്കാട് റെയിൽവേ ഓഫിസിൽ എത്തിയ നാല് വനംവകുപ്പ് ഉദ്യോഗസ്‌ഥരെയാണ് ഒലവക്കോടിൽ റെയിൽവേ ഉദ്യോഗസ്‌ഥർ തടഞ്ഞുവെച്ചത്. കഴിഞ്ഞ ദിവസമാണ് കോയമ്പത്തൂരിനും വാളയാറിനും ഇടയിൽ ട്രെയിൻ തട്ടി മൂന്ന് കാട്ടാനകൾ ചരിഞ്ഞത്. ലോക്കോ പൈലറ്റിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ആരോപണം ഉയർന്നിരുന്നു. തുടർന്ന് ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും ഉദ്യോഗസ്‌ഥർ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു.
അതിന് ശേഷമാണ് വാളയാറിലുണ്ടായ ട്രെയിനിന്റെ എൻജിനിൽ നിന്ന് തമിഴ്‌നാട് ഉദ്യോഗസ്‌ഥർ ചിപ്പ് കൈക്കലാക്കിയത്. സംഭവത്തിൽ രണ്ട് കുട്ടിയാനകളും ഒരു പിടിയാനയുമാണ് ചരിഞ്ഞത്. മംഗലാപുരത്ത് നിന്ന് ചെന്നൈയിലേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്. കാട്ടാനകൾ പാളം മുറിച്ച് കടക്കുമ്പോൾ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് പാലക്കാട്-കോയമ്പത്തൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു.
Most Read: പുതിയ വകഭേദം; മുൻകരുതലുകൾ ശക്‌തമാക്കാൻ ഇന്ത്യ, യാത്രാ ഇളവുകൾ പിൻവലിച്ചേക്കും