പാലക്കാട്: കുഴൽമന്ദത്ത് കെഎസ്‌ആർടിസി ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്. ബസ് ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കുകയായിരുന്നു എന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരൻ പോലീസിന് മൊഴി നൽകി. ഇടത് വശത്ത് മതിയായ സ്‌ഥലമുണ്ടായിട്ടും ബൈക്ക് യാത്രക്കാരെ അപകടപ്പെടുത്താൻ ബസ് ലോറിയോട് ചേർത്തെടുക്കുകയായിരുന്നു എന്നും സാക്ഷിയായ യാത്രക്കാരൻ പറഞ്ഞു.
‘ഡ്രൈവർ മനഃപൂർവം അപകടമുണ്ടാക്കി. ബസ് അമിത വേഗതയിലായിരുന്നു. ബൈക്ക് യാത്രക്കാരെ മറികടക്കാനുള്ള തത്രപ്പാടിലായിരുന്നു ഡ്രൈവർ. ബൈക്കിനെ മറികടക്കാൻ ഇടതുവശത്ത് സ്‌ഥലമുണ്ടായിട്ടും മനഃപൂർവം ലോറിയോട് ചേർത്ത് ബസടുപ്പിച്ചു. ഇങ്ങനെയാണ് അപകടമുണ്ടായത്’; യാത്രക്കാരന്റെ മൊഴി.
പാലക്കാട് നിന്ന് വസ്‌ത്രം വാങ്ങി വടക്കഞ്ചേരിയിലേക്ക് കെഎസ്‌ആർടിസി ബസിൽ വരികയായിരുന്ന വസ്‌ത്ര വ്യാപാരിയുടേതാണ് വെളിപ്പെടുത്തൽ. പല തവണ ബസ് ബ്രേക്കിട്ടപ്പോൾ തുണിക്കെട്ട് താഴെ വീണു. വിവരം തിരക്കാൻ എഴുന്നേറ്റപ്പോഴാണ് ബസ് ബൈക്ക് യാത്രക്കാരെ പിന്തുടരുന്നത് കണ്ടത്. ഇക്കാര്യമാണ് യാത്രക്കാരൻ പോലീസിന് മൊഴിയായി നൽകിയത്.
അപകടത്തിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് ഇദ്ദേഹം സ്‌റ്റേഷനിൽ എത്തി മൊഴിനൽകിയത്. സംഭവത്തിൽ വടക്കഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ ഔസേപ്പിനെ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു. പിന്നീട് അറസ്‌റ്റ് ചെയ്‌ത ഇയാളെ ജാമ്യത്തിൽ വിടുകയും ചെയ്‌തു. കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന യുവാക്കളുടെ കുടുംബങ്ങളുടെ പരാതിയിൽ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടരുന്നതിനിടെയാണ് നിർണായക മൊഴി പുറത്തുവന്നിരിക്കുന്നത്. കൂടുതൽ യാത്രക്കാരെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള നീക്കങ്ങളാണ് നിലവിൽ നടക്കുന്നത്.
പാലക്കാട് കാവിശ്ശേരി സ്വദേശി ആദര്‍ശ് മോഹന്‍, കാസർഗോഡ് സ്വദേശി സബിത്ത് എന്നിവരാണ് മരിച്ചത്. ഡ്രൈവർ ഔസേപ്പിനെതിരെ കർശന നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്‌തമാണ്. 304 എ വകുപ്പ് മാത്രമാണ് ഡ്രൈവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ദുർബല വകുപ്പുകൾ ചുമത്തിയത് പ്രതിയെ രക്ഷപെടാൻ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്.
Most Read: തലശ്ശേരിയിൽ സിപിഎം പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു; സ്‌ഥലത്ത് ഹർത്താൽ