പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭാ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു. മൂന്ന് വിമത ബിജെപി അംഗങ്ങളെ കൂട്ടുപിടിച്ച് എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം നാളെ പരിഗണിക്കാനിരിക്കെയാണ് രാജി. ചെയർപേഴ്‌സൺ സുശീല സന്തോഷ്, ഉപാധ്യക്ഷ യു രമ്യ എന്നിവരാണ് രാജിവെച്ചത്.
പാലക്കാട് നഗരസഭക്ക് പുറമെ സംസ്‌ഥാനത്ത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് പന്തളം. ഇവിടെ ബിജെപിക്ക് 18 അംഗങ്ങളാണ് ഉള്ളത്. അതിൽ കെവി പ്രഭ ഉൾപ്പടെയുള്ളവർ വിമതരായി രംഗത്തുണ്ട്. വിമതരുടെ പിന്തുണയിലാണ് എൽഡിഎഫ് ബുധനാഴ്‌ച അവിശ്വാസം കൊണ്ടുവന്നിരിക്കുന്നത്. ഇതിന് യുഡിഎഫിന്റെ പിന്തുണയുണ്ടായിരുന്നു. എൽഡിഎഫും യുഡിഎഫും വിമതരും ചേർന്നാൽ 18 പേരുടെ പിന്തുണയാകും.
എന്നാൽ, അവിശ്വാസത്തെ ഭയന്നല്ല രാജിയെന്നാണ് ഇരുവരും പ്രതികരിച്ചത്. പാർട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇരുവരും വ്യക്‌തിപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് വിഎ സൂരജ് വ്യക്‌തമാക്കി. ബിജെപിയുടെ 18 കൗൺസിലർമാരിൽ 14 പേരും വനിതകളാണ്. ആകെ 33 സീറ്റുകളിൽ 18 സീറ്റുകൾ നേടിയാണ് പന്തളത്ത് ബിജെപി ഭരണം പിടിച്ചത്.
യുഡിഎഫ് അഞ്ച് സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലും വിജയിച്ചു. ഒരു സ്വതന്ത്രനും നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ, അധ്യക്ഷ തിരഞ്ഞെടുപ്പിൽ നിന്ന് സ്വതന്ത്രൻ വിട്ടുനിന്നു. പന്തളം നഗരസഭ എൽഡിഎഫിൽ നിന്ന് കഴിഞ്ഞതവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!