കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക എൽഡിഎഫ് പുറത്തിറക്കി. അഞ്ചു വർഷത്തിനുള്ളിൽ ജില്ലയിലെ വന്യമൃഗ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. തോട്ടം തൊഴിലാളികൾക്ക് നിലവിലെ ലയങ്ങൾ മാറ്റി ഫ്ളാറ്റ് സമുച്ചയം, ലൈബ്രറി, കളിസ്‌ഥലം എന്നിവ അടങ്ങിയ റസിഡൻഷ്യൽ കോംപ്ളക്‌സുകൾ, കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക തകർച്ച പരിഹരിച്ച് മുഴുവൻ ജനവിഭാഗങ്ങൾക്കും വരുമാനം ലഭ്യമാക്കും തുടങ്ങിയ വാഗ്‌ദാനങ്ങളും പ്രകടന പത്രികയിലുണ്ട്.
കർഷകരുടെ നിയമ പോരാട്ടത്തിനായി സൗജന്യ നിയമ സഹായ സെൽ ആരംഭിക്കും, നെല്ല്, പച്ചക്കറിക്കൃഷി എന്നിവക്ക് പലിശ രഹിത ലോൺ, ആദിവാസി–ദളിത് കുട്ടികൾക്കു സൗജന്യ ടാബ്‌ലറ്റുകൾ, കാൻസർ രോഗികൾക്കും സഹായികൾക്കും സൗജന്യ എസി ബസ്, ട്രെയിൻ ടിക്കറ്റ്, ജില്ലാ ആശുപത്രിയിൽ യൂറോളജി, കാർഡിയോളജി, ന്യൂറോളജി എന്നീ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കും, ആദിവാസി, ദളിത് സ്‌ത്രീകൾക്കും ഹൈസ്‌കൂൾ – കോളജ് വിദ്യാർഥിനികൾക്കും മെൻസ്‌റ്റൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യും തുടങ്ങിയവയാണ് മറ്റ് വാഗ്‌ദാനങ്ങൾ.
ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് പ്രകടന പത്രിക സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതിയാണ് പ്രകാശനം ചെയ്‌തത്. സികെ ശശീന്ദ്രൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ തുടങ്ങിയവർ പങ്കെടുത്തു.
Malabar News: മതം പറഞ്ഞ് വോട്ടുപിടിക്കുന്നു; മുസ്‌ലിം ലീഗിനെതിരെ സിപിഐഎം