ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ച് പോലീസ്. തൊടുപുഴ പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 65 സാക്ഷികൾ അടങ്ങുന്ന 300 പേജുള്ള കുറ്റപത്രത്തിൽ 250ഓളം പേരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ അയൽവാസിയും പ്രതിയുമായ അർജുനെ അറസ്‌റ്റ് ചെയ്‌ത് 78 ദിവസത്തിനുള്ളിലാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചത്.
പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനും, കേസിൽ പരമാവധി ശിക്ഷ ലഭിക്കുന്നതിനും വേണ്ടിയാണ് നേരത്തെ കുറ്റപത്രം സമർപ്പിച്ചതെന്ന് പോലീസ് വ്യക്‌തമാക്കി. കഴിഞ്ഞ ജൂൺ 30ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം ഉണ്ടായത്. വണ്ടിപ്പെരിയാർ ചൂരക്കുളം എസ്‌റ്റേറ്റിലെ ചെലത്ത് ലയത്തിൽ താമസിക്കുന്ന കുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്ന് വർഷത്തോളമായി പ്രതി പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബവുമായി നല്ല ബന്ധം ഉണ്ടായിരുന്ന പ്രതി അത് മുതലെടുത്താണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. സംഭവം നടക്കുന്ന ദിവസം പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് വീട്ടിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയും, ബോധരഹിതയായപ്പോൾ ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കുകയുമായിരുന്നു. ശേഷം ഇയാൾ തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു.
Read also: മാക്കൂട്ടം ചുരം വഴി പൊതുഗതാഗതം നിലച്ചിട്ട് ഒന്നരമാസം; നിരോധനം നീട്ടി