തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലേക്കു നടന്ന മാർച്ച് അക്രമാസക്‌തമായതിനെ തുടർന്ന് രജിസ്‌റ്റർ ചെയ്‌ത കേസിൽ റിമാൻഡിലായ യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കുരുക്ക് മുറുക്കാൻ പോലീസ്. സെക്രട്ടറിയേറ്റ് കേസിൽ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ, യൂത്ത് കോൺഗ്രസിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും രാഹുലിനെതിരെ പോലീസ് നടപടി കടുപ്പിക്കും.
വ്യാജ തിരിച്ചറിയൽ കാർഡ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി ഉടൻ ഉത്തരവ് ഇറങ്ങും. സംസ്‌ഥാന വ്യാപകമായി തട്ടിപ്പ് നടന്നുവെന്നാണ് നിലവിൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. യൂത്ത് കോൺഗ്രസിലെ ഒരു ഗ്രൂപ്പിന് വേണ്ടി സംസ്‌ഥാന വ്യാപകമായി തന്നെ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചുവെന്നാണ് അന്വേഷണ സംഘം പറയുന്നത്.
അതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കുമെന്നാണ് വിവരം. തിരുവനന്തപുരം ജില്ലാ കോടതിയിൽ ഇന്നലെ ഉച്ചക്കാണ് രാഹുൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അടക്കം ഹാജരാക്കിയിട്ടുണ്ട്. പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ അഡ്‌മിഷൻ സെല്ലിൽ നിന്ന് സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. 25 തടവുകാർക്കൊപ്പമാണ് രാഹുലിപ്പോൾ.
22 വരെയാണ് റിമാൻഡ് കാലാവധി. രാഹുലിന്റെ ആരോഗ്യനില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയതായി യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി അറിയിച്ചിരുന്നു. മാർച്ചിനിടെ തലയിൽ അടിയേറ്റതിനെ തുടർന്ന് ചികിൽസ തേടിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ റിപ്പോർട്ടാണ് ഹാജരാക്കിയത്.
നവകേരള സദസിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും മർദ്ദിച്ചതിനെതിരെ ഡിസംബർ 20ന് സെക്രട്ടേറിയറ്റിനു മുന്നിൽ നടന്ന സമരത്തിനിടെ ഉണ്ടായ സംഘർഷത്തിലെ കേസിൽ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് ഒന്നാം പ്രതിയായ കേസിൽ രാഹുലിന്റെ അറസ്‌റ്റ് അപ്രതീക്ഷിതമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് അടൂരിലെ വീട്ടിൽ നിന്ന് കന്റോൺമെന്റ് പോലീസ് അറസ്‌റ്റ് ചെയ്‌ത് തിരുവനന്തപുരത്ത് എത്തിച്ചത്.
Most Read| റിപ്പബ്ളിക് പരേഡ്; ഡെൽഹി പോലീസ് സംഘത്തിൽ വനിതകൾ മാത്രം- നയിക്കാൻ മലയാളി