തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്‌ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റിൽ പ്രതിഷേധം ശക്‌തമാകുന്നു. നാളെ ക്ളിഫ് ഹൗസിലേക്ക് യൂത്ത് കോൺഗ്രസ് നൈറ്റ് മാർച്ച് നടത്തും. നാളെ രാത്രി എട്ടുമണിക്ക് ‘സമരജ്വാല’ എന്ന പേരിൽ ക്ളിഫ് ഹൗസിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ് പ്രസിഡണ്ട് അബിൻ വർക്കി അറിയിച്ചു.
രാഹുലിന്റെ അറസ്‌റ്റിൽ പ്രതിഷേധിച്ചു ജില്ലാതല പ്രതിഷേധങ്ങൾ വരും ദിവസങ്ങളിൽ തുടരുമെന്നും അബിൻ വർക്കി പറഞ്ഞു. നാളെ കോട്ടയം, കണ്ണൂർ ജില്ലകളിലും പ്രതിഷേധ മാർച്ച് നടത്തും. രാഹുലിന്റെ മെഡിക്കൽ രേഖ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നും ചികിൽസ സംബന്ധിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്‌താവനക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അബിൻ വ്യക്‌തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിന്റെ നിർദ്ദേശപ്രകാരം അഭിഭാഷകനായ മൃദുൽ ജോൺ മാത്യു മുഖേന വക്കീൽ നോട്ടീസ് അയക്കും. നഷ്‌ടപരിഹാരം ആവശ്യപ്പെടും. ക്രിമിനൽ നടപടികൾ കൂടി സ്വീകരിക്കേണ്ട പ്രസ്‌താവനയാണ് എംവി ഗോവിന്ദന്റേതെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു. രാഹുൽ മാങ്കൂട്ടത്തിലിനെ ഹീറോ ആക്കാനാണ് മാദ്ധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ജാമ്യം കിട്ടാൻ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കി, കോടതി പരിശോധിച്ചപ്പോൾ അത് വ്യാജമാണെന്ന് മനസിലായെന്നും അങ്ങനെയാണ് കോടതി ജയിലിൽ അടച്ചതെന്നും എംവി ഗോവിന്ദൻ കണ്ണൂരിൽ പറഞ്ഞിരുന്നു.
Most Read| കൈക്കൂലി; വിജിലൻസ് പിടിയിലായ കേന്ദ്ര സർവകലാശാല പ്രൊഫസർക്ക് സസ്‌പെൻഷൻ