ന്യൂ ഡെൽഹി: ഹത്രസ് കൂട്ടബലാൽസംഗത്തിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി ജന്തർ മന്ദിറിൽ പ്രതിഷേധ പ്രകടനവുമായി നൂറ് കണക്കിന് ആളുകൾ. ഭീം ആർമിയുടെ പ്രതിഷേധത്തിന് ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും പെൺകുട്ടിക്ക് നീതി ലഭിക്കുന്നത് വരെ വിശ്രമമില്ലെന്നും ആസാദ് അറിയിച്ചു. ഹത്രസ് സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ സുപ്രീം കോടതി സ്വമേധയാ കേസ് എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: പ്രധാന മന്ത്രി മൗനം വെടിയണം; ചന്ദ്ര ശേഖര്‍ ആസാദ്
ഭീം ആർമിക്ക് പുറമേ ഇടത് സംഘടനകളും വിവിധ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധത്തിൽ പങ്കാളികളായി. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി.രാജ എന്നിവർ നേരത്തെ തന്നെ ജന്തർ മന്ദിറിൽ എത്തിയിരുന്നു. യുപി സർക്കാരിന് അധികാരത്തിൽ തുടരാൻ അവകാശമില്ലെന്ന് യെച്ചൂരി പ്രസ്‌താവിച്ചു. പെൺകുട്ടിക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.
ആം ആദ്മി പാർട്ടിയും ഭീം ആർമിയും അടക്കം നിരവധി സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡെൽഹി യൂണിവേഴ്‌സിറ്റി, ജെഎൻയു എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്രതിഷേധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യാ ഗേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ചന്ദ്രശേഖർ ആസാദ് നേരത്തെ തന്നെ അറിയിച്ചിരുന്നു. വൈകിട്ട് 5 ന് ജനങ്ങളോട് ജന്തർ മന്ദിറിൽ എത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 144 പ്രഖ്യാപിച്ചത് കണക്കിലെടുത്ത് പ്രതിഷേധം ജന്തർ മന്ദിറിൽ മാത്രമായി ഒതുക്കുകയായിരുന്നു. തുടർന്ന് ആം ആദ്മി പാർട്ടിയും പ്രതിഷേധം ജന്തർ മന്ദിറിലേക്ക് മാറ്റി.